ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് വിമാനത്തിൽ ഉണ്ടായ ഞെട്ടിക്കുന്ന സംഭവത്തിന് പിന്നാലെ വിമാനത്തിന്റെ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ പഴയ പോഡ്കാസ്റ്റ് അഭിമുഖത്തിലെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുന്നു. വിമാനത്തിൽ അടിയന്തര സാഹചര്യം ഉണ്ടായാൽ പൈലറ്റുമാരെ ആരാണ് സഹായിക്കുകയെന്ന ചോദ്യത്തെക്കുറിച്ച് അദ്ദേഹം നേരത്തെ നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വിവിധ റിപ്പോർട്ടുകളിലും വീണ്ടും ചർച്ചയാകുന്നത്.
ബുധനാഴ്ച നടന്ന സംഭവത്തിൽ ഫ്ലൈദുബായ് വിമാനത്തിലെ ഒരു പൈലറ്റ് സഹപൈലറ്റിനെ ആക്രമിക്കുകയും വിമാനം തകർക്കാൻ ശ്രമിച്ചതായി സംശയിക്കപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ വംശജനായ ക്യാപ്റ്റൻ സ്മിത് മച്ച്ഛറാണ് വിമാനത്തിന്റെ പൈലറ്റ്-ഇൻ-കമാൻഡ്.
ഏകദേശം ഒരു വർഷം മുമ്പ് സലക് മേത്തയുമായി ‘ബോണ-ഫൈഡ് ബാൻറർ’ പോഡ്കാസ്റ്റിൽ നടത്തിയ സംഭാഷണത്തിലാണ് മച്ചാർ വിമാനത്തിലെ അടിയന്തര സാഹചര്യങ്ങളെക്കുറിച്ച് സംസാരിച്ചത്. “നമ്മൾ അവിടെ മുകളിലായിരിക്കുമ്പോൾ എന്തെങ്കിലും സംഭവിച്ചാൽ, നിങ്ങളെ രക്ഷിക്കാൻ ആരാണ് വരുന്നത്?” എന്നായിരുന്നു അദ്ദേഹം അന്ന് ചോദിച്ചത്. അടിയന്തര സാഹചര്യത്തിൽ വിമാനത്തിലെ യാത്രക്കാരിൽ ഒരു ഡോക്ടർ ഉണ്ടാകുന്നത് വലിയ ഭാഗ്യമാണെന്നും എന്നാൽ വിമാന ജീവനക്കാർക്കും നിർണായകമായ സഹായം നൽകാൻ കഴിയുമെന്നും മച്ചാർ പറഞ്ഞിരുന്നു. “അവർ ശസ്ത്രക്രിയ നടത്താൻ പരിശീലനം നേടിയവരാണെന്ന് ഞാൻ പറയുന്നില്ല. പക്ഷേ അവർക്ക് നിങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയും,” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. എന്തെങ്കിലും ഗുരുതരമായ പ്രശ്നം സംഭവിക്കുമ്പോഴാണ് വിമാന ജീവനക്കാരുടെ പ്രാധാന്യം കൂടുതൽ വ്യക്തമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിനിടെയാണ് ഫ്ലൈദുബായ് വിമാനത്തിൽ സംഭവിച്ച യഥാർഥ അടിയന്തര സാഹചര്യം മച്ച്ഛറിന്റെ പഴയ വാക്കുകളെ വീണ്ടും ശ്രദ്ധേയമാക്കിയത്. സ്മിത് മച്ച്ഛർ നേരത്തെ പത്ത് വർഷത്തോളം സ്പൈസ്ജെറ്റിൽ ജോലി ചെയ്തിരുന്നു. 2022 ജൂണിലാണ് അദ്ദേഹം ഫ്ലൈദുബായിൽ ചേർന്നത്. അടിയന്തര സാഹചര്യങ്ങളിൽ വിമാന ജീവനക്കാരുടെയും യാത്രക്കാരുടെയും സഹായം എത്രത്തോളം നിർണായകമാകാമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞ വാക്കുകൾ, ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ വീണ്ടും ശ്രദ്ധേയമായിരിക്കുകയാണ്.










