ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ ചരിത്രവിജയവുമായി ഇന്ത്യയുടെ യുവതാരം അനാഹത് സിംഗ്. കാനഡയിലെ ഒന്റാറിയോയിൽ നടന്ന ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യൻഷിപ്പ് 2026-ന്റെ ഗേൾസ് സിംഗിൾസ് ഫൈനലിൽ ഈജിപ്തിന്റെ രണ്ടാം സീഡ് താരം റുഖയ്യ സലീമിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് പതിനെട്ടുകാരിയായ അനാഹത് ചരിത്രത്തിലാദ്യമായി ഇന്ത്യയിലേക്ക് ജൂനിയർ ലോക കിരീടം എത്തിച്ചത്. 11-3, 11-7, 11-9 എന്ന സ്കോറിനായിരുന്നു ടോപ് സീഡായ അനാഹതിന്റെ തകർപ്പൻ വിജയം. ഈ ചരിത്ര നേട്ടത്തോടെ 2011 മുതൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഈജിപ്ഷ്യൻ താരങ്ങൾ തുടർച്ചയായി നിലനിർത്തിപ്പോന്ന 15 വർഷത്തെ ഏകാധിപത്യത്തിനാണ് ഭാരതത്തിന്റെ യുവതാരം വിരാമമിട്ടത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ജൂനിയർ ലോക സ്ക്വാഷിൽ ഇന്ത്യ കൈവരിച്ച ഏറ്റവും വലിയ നേട്ടമാണിത്. 2005-ൽ ജോഷ്ന ചിന്നപ്പ കൈവരിച്ച റണ്ണറപ്പ് സ്ഥാനമായിരുന്നു ഇതുവരെ ഈ ടൂർണമെന്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം. അതിനെ പഴങ്കഥയാക്കിക്കൊണ്ടാണ് ഡൽഹി സ്വദേശിയായ അനാഹത് സ്വർണ്ണപ്പതക്കത്തിലേക്ക് മാർച്ച് ചെയ്തത്. കഴിഞ്ഞ വർഷം കെയ്‌റോയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടി ഇന്ത്യയുടെ 15 വർഷത്തെ മെഡൽ കാത്തിരിപ്പ് അവസാനിപ്പിച്ച അനാഹത്, തന്റെ അവസാന ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഒടുവിൽ സ്വർണ്ണമണിയുകയായിരുന്നു. ടൂർണമെന്റിലുടനീളം ആധിപത്യം പുലർത്തിയ താരം കളിച്ച ആറ് മത്സരങ്ങളിൽ രണ്ടേ രണ്ട് ഗെയിമുകൾ മാത്രമാണ് എതിരാളികൾക്ക് വിട്ടുകൊടുത്തത്.
മുതിർന്നവരുടെ പിഎസ്എ വേൾഡ് ടൂറിൽ നിലവിൽ ലോക റാങ്കിംഗിൽ 20-ാം സ്ഥാനത്തുള്ള അനാഹത് സിംഗിന്റെ ഈ തകർപ്പൻ വിജയം ഇന്ത്യൻ സ്പോർട്സ് മേഖലയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. സ്ക്വാഷ് റാക്കറ്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഭാരവാഹികളും കേന്ദ്ര കായിക മന്ത്രാലയവും അനാഹതിന് അഭിനന്ദനങ്ങൾ അറിയിച്ചു. 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ സ്ക്വാഷ് ഔദ്യോഗികമായി അരങ്ങേറാനിരിക്കെ, ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്ക് വലിയ കരുത്തുപകരുന്നതാണ് ജൂനിയർ ലോക ചാമ്പ്യൻഷിപ്പിലെ ഈ സമാനതകളില്ലാത്ത നേട്ടം.








