കേന്ദ്ര സർക്കാരിന്റെ ധനവിനിയോഗം കൂടുതൽ കാര്യക്ഷമമാക്കാനും ഔദ്യോഗിക വാഹനങ്ങളുടെ ദുരുപയോഗം തടയാനുമായി വിപ്ലവകരമായ തീരുമാനവുമായി മോദി സർക്കാർ. ഉദ്യോഗസ്ഥ വൃന്ദത്തിനായി “ഒരു ഉദ്യോഗസ്ഥന് ഒരു ഔദ്യോഗിക വാഹനം” (One Officer, One Official Car) എന്ന കർശന നയം കേന്ദ്ര സർക്കാർ ഔദ്യോഗികമായി നടപ്പിലാക്കി. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്‌മെന്റ് ഓഫ് എക്സ്പൻഡിച്ചർ (Department of Expenditure) ഇതുസംബന്ധിച്ച് എല്ലാ കേന്ദ്ര മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും അടിയന്തര ഉത്തരവ് കൈമാറി.
പുതിയ ഉത്തരവ് പ്രകാരം, തസ്തികയ്ക്ക് അർഹതയുള്ള ഒരു ഉദ്യോഗസ്ഥന് ഒരു ഔദ്യോഗിക വാഹനം മാത്രമേ അനുവദിക്കൂ. അഞ്ചോ ആറോ വകുപ്പുകളുടെയോ മന്ത്രാലയങ്ങളുടെയോ അധിക ചുമതല (Additional Charge) വഹിക്കുന്ന ഉദ്യോഗസ്ഥനാണെങ്കിൽ പോലും രണ്ടാമതൊരു സർക്കാർ വാഹനം അനുവദിക്കില്ലെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങൾ (PSU), സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് വകുപ്പുകൾ എന്നിവയുടെ അധിക ചുമതലയുണ്ടെങ്കിലും ഒരൊറ്റ വാഹനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരും.
ഉദ്യോഗസ്ഥർ പൊതുമേഖലാ സ്ഥാപനങ്ങളുടെയോ മറ്റ് സ്വയംഭരണ സ്ഥാപനങ്ങളുടെയോ വാഹനങ്ങൾ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതും പുതിയ നയത്തിലൂടെ പൂർണ്ണമായും വിലക്കി. എന്നാൽ, ഇത്തരം സ്ഥാപനങ്ങളിലെ ഔദ്യോഗിക സന്ദർശനങ്ങൾ നടത്തുമ്പോൾ മാത്രം അവിടുത്തെ വാഹനങ്ങൾ ഉപയോഗിക്കാൻ ഇളവ് അനുവദിച്ചിട്ടുണ്ട്. ഉപയോഗിക്കപ്പെടാത്ത സർക്കാർ വാഹനങ്ങൾ നിർദ്ദിഷ്ട പാർക്കിംഗ് കേന്ദ്രങ്ങളിൽ നിർത്തിയിടാനും അനാവശ്യമായി ഓടിക്കുന്നത് തടയാനും മന്ത്രാലയങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പൊതുജനങ്ങളുടെ നികുതിപ്പണം പരമാവധി സംരക്ഷിക്കുക, ഇന്ധന-വാഹന പരിപാലന ചെലവുകൾ വൻതോതിൽ വെട്ടിക്കുറയ്ക്കുക, ഭരണസംവിധാനത്തിൽ സുതാര്യതയും സാമ്പത്തിക അച്ചടക്കവും ഉറപ്പാക്കുക എന്നിവയാണ് ഈ പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. 2022 സെപ്റ്റംബറിൽ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ കൂടുതൽ കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഓഫീസ് മെമ്മോറാണ്ടം പുറത്തിറക്കിയിട്ടുള്ളത്. സർക്കാരിന്റെ ഈ കടുത്ത നിലപാട് ഐഎഎസ് ഉദ്യോഗസ്ഥരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ വലിയ ചലനമാണ് സൃഷ്ടിച്ചിരിക്കുന്നത്.










