ഭാരതത്തിന്റെ ആഭ്യന്തര-അതിർത്തി സുരക്ഷയ്ക്ക് ഏറ്റവും വലിയ തുറുപ്പുചീട്ടായ കരസേനയുടെ കവചിത സേന വിഭാഗം (ആർമർഡ് കോർ) അത്യാധുനിക യുഗത്തിലേക്ക് ചുവടുവെക്കുന്നു. 1965-ലെയും 1971-ലെയും ഇൻഡോ-പാക് യുദ്ധങ്ങൾ മുതൽ കാർഗിൽ യുദ്ധത്തിലും കിഴക്കൻ ലഡാക്കിലെ ചൈനീസ് അതിർത്തി തർക്കങ്ങളിലുമെല്ലാം നിർണ്ണായക പങ്കുവഹിച്ച ഇന്ത്യൻ ടാങ്ക് പടയെ പൂർണ്ണമായും നവീകരിക്കാനാണ് പ്രതിരോധ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. നിലവിൽ ഉപയോഗിക്കുന്ന പഴയ റഷ്യൻ നിർമ്മിത ടാങ്കുകൾക്ക് പകരം ഡ്രോൺ ആക്രമണങ്ങളെയും ഇലക്ട്രോണിക് യുദ്ധമുറകളെയും പ്രതിരോധിക്കാൻ ശേഷിയുള്ള പുതിയ തലമുറ യുദ്ധ ടാങ്കുകൾ വ്യൂഹത്തിന്റെ ഭാഗമാകും.
ലോകത്തിലെ തന്നെ ഏറ്റവും വലിയ കവചിത സേനകളിലൊന്നായ ഇന്ത്യൻ സൈന്യത്തിന്റെ പക്കൽ 3,000-ത്തിലധികം പ്രധാന യുദ്ധ ടാങ്കുകളുണ്ട് (Main Battle Tanks). റഷ്യൻ സാങ്കേതികവിദ്യയിൽ നിർമ്മിച്ച ടി-72 അജേയ, ടി-90 ഭീഷ്മ, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അർജുൻ ടാങ്കുകൾ എന്നിവയാണ് ഇതിൽ പ്രധാനം. എന്നാൽ 1970-കളുടെ അവസാനത്തിൽ സേനയുടെ ഭാഗമായ ടി-72 ടാങ്കുകൾക്ക് ഇനി തുടർ നവീകരണം സാധ്യമല്ലാത്ത ഘട്ടത്തിലെത്തിനിൽക്കുകയാണ്. ഇതോടെയാണ് ഭാവി യുദ്ധങ്ങൾക്ക് അനുയോജ്യമായ ‘ഫ്യൂച്ചർ റെഡി കോംബാറ്റ് വെഹിക്കിൾ’ (FRCV) പദ്ധതിക്ക് ഇന്ത്യ തുടക്കമിടുന്നത്.
കാലപ്പഴക്കം ചെന്ന 1,700-ലധികം ടി-72 ടാങ്കുകൾക്ക് പകരമായിട്ടാണ് എഫ്ആർസിവി പ്രൊജക്ട് വഴി പുതിയ യുദ്ധ വാഹനങ്ങൾ എത്തുക. ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനിക സംഭരണ പദ്ധതികളില ഒന്നാണിത്. ഡ്രോൺ സാങ്കേതികവിദ്യ, സാറ്റലൈറ്റ് അധിഷ്ഠിത കമാൻഡ് നെറ്റ്‌വർക്ക്, ലേസർ അധിഷ്ഠിത പ്രതിരോധ സംവിധാനങ്ങൾ എന്നിവയെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തുന്ന സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്.
അതോടൊപ്പം, മരുഭൂമികളിലും സമതലങ്ങളിലും ഹെവി ടാങ്കുകൾ തിളങ്ങുമെങ്കിലും, ഹിമാലയൻ അതിർത്തികളിലും കിഴക്കൻ ലഡാക്കിലെ സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന പ്രദേശങ്ങളിലും 45 മുതൽ 60 ടൺ വരെ ഭാരമുള്ള ടാങ്കുകൾ എത്തിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ഇടുങ്ങിയ മലമ്പാതകളും പാലങ്ങളും താങ്ങാൻ ശേഷിയുള്ളതും, തണുത്തുറഞ്ഞ പ്രദേശങ്ങളിൽ എളുപ്പം കുതിച്ചുയരാൻ സാധിക്കുന്നതുമായ ഭാരം കുറഞ്ഞ (Light Tanks) ടാങ്കുകളും ഹിമാലയൻ അതിർത്തികൾക്കായി പ്രത്യേകമായി ഇന്ത്യ വികസിപ്പിക്കുന്നുണ്ട്. പുതിയ പരിഷ്കാരങ്ങളോടെ ഏതൊരു ആഗോള ഭീഷണിയെയും ചെറുത്തുതോൽപ്പിക്കാൻ ഇന്ത്യൻ ആർമർഡ് കോർ സജ്ജമാകും.








