കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും ഡയമണ്ട് ഹാർബർ എംപിയുമായ അഭിഷേക് ബാനർജിക്ക് കണ്ണിന്റെ ചികിത്സയ്ക്കായി വിദേശത്തേക്ക് പോകാൻ അനുമതി നിഷേധിച്ച് കൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. അമേരിക്കയിൽ ഉപരിചികിത്സ നടത്തുന്നതിനായി വിദേശയാത്രയ്ക്കുള്ള അനുമതി തേടി സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് സൗഗത ഭട്ടാചാര്യയുടെ ബെഞ്ച് തള്ളിയത്. വിദേശയാത്ര അനുവദിക്കുന്നതിന് മുൻപായി കൊൽക്കത്തയിലെ പ്രമുഖ സർക്കാർ മെഡിക്കൽ കോളേജായ എസ്എസ്കെഎം ആശുപത്രിയിലെ മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരായി പ്രത്യേക പരിശോധന നടത്തണമെന്ന കോടതി നിർദ്ദേശം അനുസരിക്കാൻ അഭിഷേക് ബാനർജി വിസമ്മതിച്ചതിനെ തുടർന്നാണ് ഹൈക്കോടതി ഹർജി പൂർണ്ണമായും തള്ളിയത്.
അഭിഷേക് ബാനർജിക്കെതിരെ അന്വേഷണ ഏജൻസികളുടെ കേസ് നിലനിൽക്കുന്നതിനാൽ കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ വിദേശത്തേക്ക് പോകരുതെന്ന് നേരത്തെ ഉത്തരവുണ്ടായിരുന്നു. കണ്ണിനുള്ള ചികിത്സ ഇന്ത്യയിൽ ലഭ്യമാണോ എന്ന് നിർണ്ണയിക്കാൻ ഒരു സമഗ്ര മെഡിക്കൽ സംഘത്തിന്റെ വിലയിരുത്തൽ അത്യന്താപേക്ഷിതമാണെന്ന് കോടതി നിരീക്ഷിച്ചു. രാജ്യത്ത് തന്നെ മികച്ച ചികിത്സ ലഭ്യമാണെങ്കിൽ വിദേശത്തേക്ക് പോകേണ്ടതില്ലെന്നും, മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ലഭിച്ച ശേഷമേ ഈ വിഷയത്തിൽ അനുമതിയുടെ കാര്യം പരിഗണിക്കാൻ സാധിക്കൂ എന്നും കോടതി വ്യക്തമാക്കി. എന്നാൽ, സർക്കാർ മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാകാൻ ഉദ്ദേശിക്കുന്നില്ലെന്നും അമേരിക്കയിൽ മുൻപ് ശസ്ത്രക്രിയ നടത്തിയ അതേ വിദഗ്ധരുടെ കീഴിൽ തന്നെ തുടർച്ചയായ ചികിത്സ ഉറപ്പാക്കാനാണ് താത്പര്യപ്പെടുന്നതെന്നും അഭിഷേകിന്റെ അഭിഭാഷകർ അറിയിച്ചതോടെയാണ് ഹർജി തള്ളാൻ കോടതി തീരുമാനിച്ചത്.
നേരത്തെ യുഎസിലെ ജോൺസ് ഹോപ്കിൻസ് ആശുപത്രിയിൽ രണ്ട് തവണ ശസ്ത്രക്രിയക്ക് വിധേയനായതിനാൽ അതേ മെഡിക്കൽ സംഘത്തിന് കീഴിൽ ചികിത്സ തുടരേണ്ടത് വ്യക്തിപരമായ അവകാശമാണെന്ന് പ്രതിഭാഗം വാദിച്ചു. ഡിപ്ലോമാറ്റിക് പാസ്‌പോർട്ടുള്ള താൻ മുൻ വർഷങ്ങളിൽ പലതവണ വിദേശത്ത് പോവുകയും കൃത്യമായി തിരിച്ചെത്തുകയും ചെയ്തിട്ടുണ്ടെന്ന് അഭിഷേക് ബാനർജി ചൂണ്ടിക്കാട്ടി. എന്നാൽ, നിലവിലെ അന്വേഷണങ്ങളെയും സുരക്ഷാ ബോർഡിന്റെ റിപ്പോർട്ടിനെയും മറികടന്ന് വ്യക്തിഗത മുൻഗണന മാത്രം പരിഗണിച്ച് വിദേശയാത്രയ്ക്ക് അനുമതി നൽകാനാവില്ലെന്ന് വ്യക്തമാക്കിയ കൽക്കത്ത ഹൈക്കോടതി, ബോർഡിന് മുന്നിൽ ഹാജരാകാൻ വിസമ്മതിച്ച പശ്ചാത്തലത്തിൽ വിദേശയാത്രാ അപേക്ഷ നിരസിക്കുകയാണെന്ന് ഉത്തരവിടുകയായിരുന്നു.











