ഗാസയിൽ ഹമാസ് നടപ്പിലാക്കിയ ഭീകരവാദ രീതികൾ കടമെടുത്ത് ജമ്മു കശ്മീരിൽ ഭീകര ശൃംഖലകൾ പുനരുജ്ജീവിപ്പിക്കാൻ പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐ (ISI) പദ്ധതിയിടുന്നതായി ഞെട്ടിക്കുന്ന രഹസ്യാന്വേഷണ റിപ്പോർട്ട്. ഗാസ സംഘർഷത്തിന്റെ മറവിൽ വ്യാജ പ്രചാരണങ്ങൾ നടത്തി കശ്മീരിലെ യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാനും ലഷ്കർ-ഇ-തൊയ്ബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകൾക്ക് ഹമാസ് മോഡൽ പരിശീലനം നൽകാനുമാണ് ഐ.എസ്.ഐ ശ്രമിക്കുന്നത്. ഇന്ത്യ ടുഡേയാണ് സുരക്ഷാ ഏജൻസികളുടെ ഈ നിർണ്ണായക വിലയിരുത്തൽ പുറത്തുവിട്ടത്.
ഹമാസ് സംഘം നടപ്പിലാക്കിയ ഏകോപിപ്പിച്ചുള്ള നുഴഞ്ഞുകയറ്റം, മൊബൈൽ ലോജിസ്റ്റിക്സ്, നഗര കേന്ദ്രങ്ങളിലെ അതിവേഗ ആക്രമണങ്ങൾ (Urban-assault) എന്നിവയിൽ പാകിസ്താനിലെ പഞ്ചാബി മേഖലയിലുള്ള ലഷ്കർ ഭീകരർക്ക് പരിശീലനം നൽകാനാണ് ഐ.എസ്.ഐ നീക്കം നടത്തുന്നത്. ഇതിനുപുറമെ, പാകിസ്താൻ അധീന കശ്മീരിലെ (PoK) റാവലാകോട്ട് കേന്ദ്രീകരിച്ച് ഹമാസ് പ്രതിനിധികളും ലഷ്കർ, ജെയ്ഷെ സംഘടനകളുടെ പ്രതിനിധികളും തമ്മിൽ കൂടിക്കാഴ്ചകൾ നടന്നതായും റിപ്പോർട്ടിലുണ്ട്. ഗാസ സംഘർഷത്തിന്റെ വൈകാരികത ചൂഷണം ചെയ്ത് സോഷ്യൽ മീഡിയ വഴിയും മതപരമായ പ്ലാറ്റ്‌ഫോമുകൾ വഴിയും യുവാക്കളിൽ തീവ്രവാദം കുത്തിവെക്കാനും ഉറങ്ങിക്കിടക്കുന്ന ഭീകര ശൃംഖലകളെ ഉണർത്താനും ഐ.എസ്.ഐ ശ്രമിക്കുന്നുണ്ട്.
കശ്മീരിലെ ഭീകരരിൽ നിന്ന് തുർക്കി നിർമ്മിത 9mm ‘സിഗാന’ (Zigana) പിസ്റ്റളുകൾ വ്യാപകമായി കണ്ടെടുത്തതും സുരക്ഷാ സേനയെ കടുത്ത ജാഗ്രതയിലാക്കിയിട്ടുണ്ട്. വലിപ്പം കുറഞ്ഞതും എളുപ്പത്തിൽ ഒളിപ്പിച്ചുവെക്കാൻ കഴിയുന്നതുമായ ഇത്തരം അത്യാധുനിക ആയുധങ്ങൾ പൂഞ്ച്-രജൗരി മേഖലകളിലും ശ്രീനഗറിലും നടന്ന തിരച്ചിലുകളിൽ സുരക്ഷാ സേന പിടിച്ചെടുത്തിരുന്നു. ചെറിയ ഭീകര സംഘങ്ങൾക്ക് ദുർഘടമായ മലനിരകളിലൂടെ എളുപ്പത്തിൽ സഞ്ചരിക്കാനും പെട്ടെന്ന് ആക്രമണം നടത്താനും ഇത്തരം ഭാരം കുറഞ്ഞ ആയുധങ്ങൾ സഹായിക്കുന്നുണ്ട്. ഹമാസ് മോഡൽ തന്ത്രങ്ങളും വിദേശ നിർമ്മിത ആയുധങ്ങളും സമന്വയിപ്പിച്ച് മേഖലയിൽ അന്തരീക്ഷം പുകയ്ക്കാൻ പാകിസ്താൻ നടത്തുന്ന നീക്കങ്ങളെ ചെറുക്കാൻ സുരക്ഷാ സേന കശ്മീരിൽ കടുത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.










