ഇസ്ലാമാബാദ്: പാകിസ്താനിൽ ടൂർണമെന്റിൽ പങ്കെടുക്കാൻ യാത്ര ചെയ്ത ഫുട്ബോൾ ടീമിനെ തോക്കിൻമുനയിൽ നിർത്തി ബന്ദികളാക്കി കൊള്ളയടിച്ച് ഭീകരർ. കറാച്ചിയിൽ നിന്ന് ക്വറ്റയിലേക്ക് പോവുകയായിരുന്ന കറാച്ചി ഡിസ്ട്രിക്ട് വെസ്റ്റ് ഫുട്ബോൾ ടീമാണ് ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഹൈവേയിൽ വെച്ച് ആക്രമിക്കപ്പെട്ടത്. ബലൂചിസ്ഥാനിലെ മസ്തംഗ്, സരിയബ് പ്രദേശങ്ങൾക്ക് ഇടയിലുള്ള റോഡിൽ വെച്ച് പന്ത്രണ്ടോളം വരുന്ന ആയുധധാരികളായ അക്രമികൾ ടീം സഞ്ചരിച്ച ബസ് തടഞ്ഞുനിർത്തുകയായിരുന്നു.
ചീഫ് മിനിസ്റ്റേഴ്സ് ഗോൾഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കാനായി പോവുകയായിരുന്ന താരങ്ങളെ തോക്കിൻമുനയിൽ നിർത്തി ബസിൽ നിന്ന് നിർബന്ധപൂർവ്വം ഇറക്കി നിർത്തിയാണ് അക്രമികൾ കവർച്ച നടത്തിയത്. കളിക്കാരുടെയും ഭാരവാഹികളുടെയും കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണുകളും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഭീകരർ കവർന്നു. എതിർക്കാൻ ശ്രമിച്ച ചില കളിക്കാരെ തോക്കിന്റെ പിടി കൊണ്ട് തലയ്ക്കടിച്ചതായും ടീം മാനേജർ സുൾഫിക്കർ അലി ഭൂട്ടോ വെളിപ്പെടുത്തി.
കവർച്ചയ്ക്ക് ഇരയായി പണമോ ഫോണോ ഇല്ലാതെ ക്വറ്റയിലെത്തിയ കളിക്കാർക്ക് ബലൂചിസ്ഥാൻ കായിക മന്ത്രി അടിയന്തര ധനസഹായവും പ്രതിദിന ബത്തയും നൽകി. വൻ സുരക്ഷാ ഭീഷണിയുള്ള മേഖലയിലൂടെ ബസ് മാർഗ്ഗം യാത്ര ചെയ്യരുതെന്ന് മുൻകൂട്ടി നിർദ്ദേശം നൽകിയിരുന്നതായി സിന്ധ് ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി അസം അറിയിച്ചു. സുരക്ഷ മുൻനിർത്തി മറ്റ് പ്രവിശ്യകളിൽ നിന്നുള്ള ടീമുകൾ മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു. ബലൂചിസ്ഥാൻ വിമതരുടെ കേന്ദ്രമായ മസ്തംഗ് മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ക്രിക്കറ്റ് താരങ്ങളെ തട്ടിയെടുക്കുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.









