ഗ്ലാസ്‌ഗോയിലെ റെസ്റ്റോറന്റിൽ പ്രദർശിപ്പിച്ച ഇന്ത്യയുടെ തെറ്റായ ഭൂപടത്തിനെതിരെ പ്രതികരിച്ച ഒളിമ്പ്യനും വെള്ളിമെഡൽ വിജയിയുമായ ബോക്സിംഗ് താരം ലവ്ലിന ബോർഗോഹെയ്നെ പരസ്യമായി പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2026 കോമൺവെൽത്ത് ഗെയിംസിലെ മിന്നുന്ന പ്രകടനത്തിന് ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ കായികതാരങ്ങളുമായി ഔദ്യോഗിക വസതിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ലവ്ലിനയുടെ രാജ്യസ്നേഹത്തെയും ജാഗ്രതയെയും അഭിനന്ദിച്ചത്. ലവ്ലിനയുടെ ഈ പ്രവർത്തി സാധാരണ ഒന്നല്ലെന്നും രാജ്യം ഇത് ഏറെക്കാലം ഓർത്തുനിൽക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗെയിംസിനു ശേഷം ഇന്ത്യൻ ബോക്സിംഗ് ടീം ഗ്ലാസ്‌ഗോയിലെ ഒരു റെസ്റ്റോറന്റിൽ വിജയാഘോഷത്തിനായി എത്തിയപ്പോഴായിരുന്നു സംഭവം. റെസ്റ്റോറന്റിന്റെ മെനു കാർഡിലും പുറത്തെ ബോർഡിലും നൽകിയിരുന്ന ഇന്ത്യൻ ഭൂപടത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ (Northeast) ഒഴിവാക്കിയതായി അസം സ്വദേശിനിയായ ലവ്ലിനയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വിജയാഘോഷത്തിന്റെ സന്തോഷത്തിനിടയിലും ഇതിൽ അതൃപ്തി തോന്നിയ ലവ്ലിന, റെസ്റ്റോറന്റ് അധികൃതരെ കണ്ട് മാന്യമായി കാര്യം ബോധ്യപ്പെടുത്തുകയും ഭൂപടത്തിൽ തിരുത്ത് വരുത്താൻ ആവശ്യപ്പെടുകയുമായിരുന്നു. ലവ്ലിനയുടെ ഇടപെടലിനെ തുടർന്ന് റെസ്റ്റോറന്റ് അധികൃതർ ഖേദം പ്രകടിപ്പിക്കുകയും തെറ്റ് തിരുത്തുകയും ചെയ്തു.
താരങ്ങളുമായുള്ള സംഭാഷണത്തിനിടെ “എന്താണ് സംഭവിച്ചത്, റെസ്റ്റോറന്റുകാരോട് വഴക്കിടുകയായിരുന്നോ?” എന്ന് പ്രധാനമന്ത്രി മോദി തമാശയായി ലവ്ലിനയോട് ചോദിക്കുകയുണ്ടായി. സന്തോഷം ആഘോഷിക്കുന്ന വേളയിലും ഇന്ത്യയുടെ ഭൂപടം തെറ്റായി നൽകിയത് കണ്ടപ്പോൾ സങ്കടം തോന്നിയെന്നും, അതിനാൽ വളരെ മാന്യമായി കാര്യം സംസാരിച്ച് തിരുത്തിക്കുകയായിരുന്നെന്നും ചിരിച്ചുകൊണ്ട് ലവ്ലിന മറുപടി നൽകി. ഒരു കായികതാരത്തിന് മാതൃരാജ്യത്തോടുള്ള സ്നേഹവും അഭിമാനവും മെഡൽ വേദിയിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് ഈ സംഭവം തെളിയിക്കുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്.
സ്ത്രീകളുടെ 75 കിലോഗ്രാം വിഭാഗത്തിലാണ് ലവ്ലിന ബോർഗോഹെയ്ൻ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ കരസ്ഥമാക്കിയത്. 7 സ്വർണ്ണവും 3 വെള്ളിയും ഉൾപ്പെടെ 10 മെഡലുകൾ നേടി ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ത്യൻ ബോക്സിംഗ് സംഘം ഗ്ലാസ്‌ഗോയിൽ കാഴ്ചവെച്ചത്.








