അറബിക്കടലിലേക്ക് നേരിട്ട് വഴിതുറക്കാനും തന്ത്രപ്രധാനമായ മലാക്ക കടലിടുക്കിനെ (Malacca Strait) ആശ്രയിക്കുന്നത് കുറയ്ക്കാനുമായി ചൈന പാകിസ്താനിൽ നിർമ്മിച്ച ഗ്വാദർ തുറമുഖ പദ്ധതി (Gwadar Port) ചൈനയ്ക്ക് വൻ ബാധ്യതയാകുന്നു. ചൈനയുടെ സ്വപ്ന പദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് സംരംഭത്തിലെ (BRI) ഏറ്റവും പ്രധാനപ്പെട്ട ചുവടുവെപ്പായി വിശേഷിപ്പിക്കപ്പെട്ട ഗ്വാദർ, നിർമ്മാണം ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴും സുരക്ഷാ ഭീഷണികളും കടുത്ത സാമ്പത്തിക നഷ്ടവും കാരണം മുമ്പോട്ടു കൊണ്ടുപോകാനാകാത്ത അവസ്ഥയിലാണ്. പാകിസ്താനിലെ സാമ്പത്തിക തകർച്ചയും ബലൂചിസ്ഥാനിലെ കടുത്ത വിമത ആക്രമണങ്ങളും കാരണം ‘വിഴുങ്ങാനും വയ്യ തുപ്പാനും വയ്യ’ എന്ന പ്രതിസന്ധിയിലാണ് ബീജിംഗ് ഇപ്പോൾ.
ചൈനയിലെ പടിഞ്ഞാറൻ പ്രവിശ്യയായ സിൻജിയാങ്ങിനെ പാകിസ്താൻ വഴി അറബിക്കടലുമായി ബന്ധിപ്പിച്ച് വലിയ വ്യാപാര ഇടനാഴി സൃഷ്ടിക്കുക എന്നതായിരുന്നു ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയുടെ (CPEC) പ്രധാന ലക്ഷ്യം. എന്നാൽ ഭൂമിശാസ്ത്രപരമായ സങ്കീർണ്ണതകൾ തന്നെ ഈ പദ്ധതിക്ക് വലിയ തിരിച്ചടിയായി. സിൻജിയാങ്ങിൽ നിന്ന് ഗ്വാദറിലേക്ക് ചരക്കുകൾ എത്തിക്കണമെങ്കിൽ സമുദ്രനിരപ്പിൽ നിന്ന് 4,600 മീറ്ററിലധികം ഉയരത്തിലുള്ള കാരക്കോറം ഹൈവേയിലൂടെ സഞ്ചരിക്കേണ്ടതുണ്ട്. നിരന്തരമായ മണ്ണടിച്ചിലും ഉരുൾപൊട്ടലും കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങളും കാരണം വൻതോതിലുള്ള കണ്ടെയ്നർ ഗതാഗതത്തിന് ഈ പാത അനുയോജ്യമല്ലെന്ന് സിഡ്നി ആസ്ഥാനമായുള്ള ലോവി ഇൻസ്റ്റിറ്റ്യൂട്ടിന്റെ (Lowy Institute) പഠനറിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വ്യാപാര രംഗത്തെ ദൗർബല്യത്തിന് പുറമെ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) ഉൾപ്പെടെയുള്ള പ്രാദേശിക വിമത ഗ്രൂപ്പുകൾ നടത്തുന്ന ആക്രമണങ്ങളും ചൈനയ്ക്ക് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. പ്രവിശ്യയിലെ വിഭവങ്ങൾ ചൈന ചൂഷണം ചെയ്യുന്നുവെന്നാരോപിച്ച് ചൈനീസ് തൊഴിലാളികൾക്കും എഞ്ചിനീയർമാർക്കും നേരെ നിരന്തരം ഭീകരാക്രമണങ്ങൾ നടക്കുന്നു. ഇത് പദ്ധതി പ്രദേശത്ത് വൻ സുരക്ഷാ ചെലവുകൾ വരുത്തിവെക്കുന്നു. ഇതിനൊപ്പം പാകിസ്താന്റെ തകർന്ന സാമ്പത്തികാവസ്ഥയും വ്യാപാരാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളുടെ കുറവും കൂടിയായതോടെ വൻ സാമ്പത്തിക നഷ്ടമാണ് ചൈന നേരിടുന്നത്. തന്ത്രപ്രധാന ലാഭം പ്രതീക്ഷിച്ചിറങ്ങിയ ചൈനയ്ക്ക് ഗ്വാദർ ഇപ്പോൾ വലിയൊരു സാമ്പത്തിക കെണിയായി മാറിയിരിക്കുകയാണ്.












