ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് രേഖകളൊന്നുമില്ലാതെ അനധികൃതമായി താമസിച്ചുവന്ന പാകിസ്താൻ പൗരൻ മിലിട്ടറി ഇന്റലിജൻസിന്റെ (MI) കൃത്യമായ വിവരത്തെ തുടർന്ന് ഡൽഹി പോലീസിന്റെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലായി. കറാച്ചി സ്വദേശിയായ മുഹമ്മദ് അദ്നാൻ എന്നയാളെയാണ് ഓഗസ്റ്റ് 15-ന് ഡൽഹി പോലീസിലെ ആന്റി റോബറി ആൻഡ് സ്നാച്ചിംഗ് സെൽ (ARSC) അടിയന്തരമായി കസ്റ്റഡിയിലെടുത്തത്. ഡൽഹി-6 (ചാന്ദ്നി ചൗക്ക്) മേഖലയിൽ പാചകക്കാരനായി ജോലി ചെയ്തു വരികയായിരുന്നു ഇയാൾ.
ദീർഘകാല വിസയിൽ (LTV) മുൻപ് കുടുംബത്തോടൊപ്പം ഇന്ത്യയിലെത്തിയിരുന്ന അദ്നാന്റെ വിസ കാലാവധി 2022 ജൂലൈയിൽ അവസാനിച്ചിരുന്നു. തുടർന്ന് അതേവർഷം ഡിസംബറിൽ ഭാര്യ സൈനബിനൊപ്പം അട്ടാരി-വാഗ അതിർത്തി വഴി ഇയാൾ പാകിസ്താനിലേക്ക് തിരികെ പോയി. ഭാര്യ പിന്നീട് കൃത്യമായ രേഖകളോടെ ഇന്ത്യയിലേക്ക് തിരിച്ചെത്തിയെങ്കിലും അദ്നാൻ 2025 മേയിൽ നേപ്പാൾ അതിർത്തി വഴി അനധികൃതമായി ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. ഇയാളിൽ നിന്ന് പാകിസ്താൻ പാസ്‌പോർട്ട് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഇന്റലിജൻസ് ബ്യൂറോയും (IB) ക്രൈം ബ്രാഞ്ചും നടത്തിയ വിശദമായ കോൾ റെക്കോർഡ് (CDR), ഐപിഡിആർ (IPDR) പരിശോധനകളിൽ ജമ്മു കശ്മീർ, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബിഹാർ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇയാൾക്ക് അടുത്ത ബന്ധങ്ങളുണ്ടെന്ന് കണ്ടെത്തി. വിദേശ പൗരന്മാരുടെ ചാരപ്രവർത്തനങ്ങളും അതിർത്തി കടന്നുള്ള ലഹരി-ആയുധ കടത്തുകളും വർധിച്ച സാഹചര്യത്തിൽ കേസ് വളരെ ഗൗരവത്തോടെയാണ് അന്വേഷണ സംഘം കാണുന്നത്. നിലവിൽ ലാംപൂരിലെ സേവാസദനിലേക്ക് മാറ്റിയ ഇയാളെ പാകിസ്താനിലേക്ക് നാടുകടത്താൻ ഡൽഹി പോലീസ് വിദേശകാര്യ രജിസ്ട്രേഷൻ ഓഫീസിന് (FRRO) നിർദേശം നൽകിയിട്ടുണ്ട്.








