പഹൽഗാം ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരനും നിരോധിത ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ ഡെപ്യൂട്ടി ചീഫുമായ സൈഫുള്ള കസൂരി വീണ്ടും ഭീഷണി പ്രസംഗവുമായി രംഗത്ത്. കഴിഞ്ഞ ആഴ്ച പാകിസ്താനിൽ നടന്ന ഖതം-ഇ-നബുവത് കോൺഫറൻസിൽ സംസാരിക്കവെ, പാക് സൈന്യം സൗദിയിലെ വിശുദ്ധ നഗരങ്ങളെ സംരക്ഷിക്കുമെന്നും ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തന്നെ തൂത്തെറിയുമെന്നുമാണ് കസൂരി പ്രഖ്യാപിച്ചത്. ഇസ്രായേൽ വിരുദ്ധ വികാരം ഇളക്കിവിട്ട് ഭീകരവാദത്തിലേക്ക് യുവാക്കളെ ആകർഷിക്കാനും സംഘടനയിലേക്ക് സാമ്പത്തിക സഹായം സമാഹരിക്കാനുമാണ് ലഷ്‌കർ ഈ തന്ത്രം പുറത്തെടുക്കുന്നത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ പാകിസ്താനിൽ വെച്ച് ലഷ്‌കർ-ഇ-തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകളുടെ തലവൻമാർ പ്രമുഖ ഹമാസ് ഭീകരരുമായി നിരവധി തവണ രഹസ്യ കൂടിക്കാഴ്ചകൾ നടത്തിയതായി ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഹമാസിന്റെ പ്രതിനിധി സംഘം ബഹവൽപൂരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനവും പാക് സൈനിക കേന്ദ്രവും സന്ദർശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഹമാസ്-പാക് ഭീകരബന്ധം കൂടുതൽ ശക്തമാക്കി കസൂരി വർഗീയ വിഷം ചീറ്റുന്ന പ്രസംഗങ്ങളുമായി പരസ്യമായി രംഗത്തിറങ്ങുന്നത്.
പഹൽഗാം ആക്രമണത്തിന് ശേഷം പാകിസ്താനിലെ വിവിധ നഗരങ്ങളിൽ ലഷ്‌കർ-ഇ-തൊയ്ബ നടത്തുന്ന റാലികളിൽ കസൂരി സജീവമാണ്. പാക് പോലീസിന്റെയും സായുധ കാവൽക്കാരുടെയും സുരക്ഷയിലാണ് ഇയാൾ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതെന്ന് ടെലിഗ്രാം വഴി പുറത്തുവന്ന ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഇസ്രായേലുമായി അറബ് രാജ്യങ്ങൾ ഒപ്പുവെച്ച അബ്രഹാം ഉടമ്പടികൾ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച കസൂരി, പഹൽഗാം ആക്രമണത്തിന് ശേഷം താൻ കൂടുതൽ പ്രശസ്തനായെന്നും റാലികളിൽ അവകാശപ്പെട്ടു. ഭീകരവാദികളെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പാകിസ്താന്റെ യഥാർത്ഥ മുഖമാണ് ഇതിലൂടെ വീണ്ടും ലോകത്തിന് മുന്നിൽ തുറന്നുകാട്ടപ്പെടുന്നത്.












