ഉത്തരാഖണ്ഡിൽ തനിക്കെതിരെ ഉണ്ടായ ജാതി അധിക്ഷേപത്തിൽ പാർട്ടിയിൽ നിന്ന് പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വികാരാധീനനായി. ഉത്തരാഖണ്ഡിലെ ഹൽദ്വാനി സന്ദർശനത്തിന് ശേഷം താൻ പങ്കെടുത്ത വേദിയിൽ ചിലർ ‘ശുദ്ധീകരണ’ ചടങ്ങ് നടത്തിയതിനെ പ്രവർത്തക സമിതിയിലെ പല നേതാക്കളും അപലപിക്കുകയോ പരസ്യമായി തള്ളിപ്പറയുകയോ ചെയ്തില്ലെന്ന് ഖർഗെ പറഞ്ഞു.
മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന സുമുഖരായ പ്രമുഖ നേതാക്കൾ പോലും സംഭവത്തിൽ മൗനം പാലിച്ചത് തന്നെ അങ്ങേയറ്റം വേദനിപ്പിച്ചെന്നും അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി. താൻ ഒരു ദളിതനായതുകൊണ്ട് ആരും പ്രത്യേക സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാൽ തന്നെ അപമാനിക്കുന്ന തരത്തിലുണ്ടായ ഈ നടപടിയെ തള്ളിപ്പറയാൻ സ്വന്തം പാർട്ടിയിലെ നേതാക്കൾ പോലും തയാറാകാത്തത് വിഷമമുണ്ടാക്കിയെന്നും ഖർഗെ ചൂണ്ടിക്കാട്ടി.
അതേസമയം, ഹൽദ്വാനിയിലെ ശുദ്ധീകരണ ചടങ്ങിനെ കോൺഗ്രസ് ഔദ്യോഗികമായി തള്ളിപ്പറഞ്ഞിട്ടുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ യോഗത്തിൽ വിശദീകരിച്ചു. നേരത്തെ രാജ്യസഭയിലും ഈ വിഷയം ഖർഗെ ഉന്നയിച്ചിരുന്നു. വേദി ശുദ്ധീകരിച്ചത് ശ്രീരാം സേന എന്ന സംഘടനയാണെന്നും സംഭവവുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്നുമാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി വ്യക്തമാക്കിയത്.








