കേരള പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയിൽ പത്ത് കോടി രൂപയോളം വിപണി മൂല്യമുള്ള 12.8 കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കോയമ്പത്തൂരിന് സമീപം വെച്ച് വിപണിയിൽ വൻ വിലമതിക്കുന്ന ലഹരിവസ്തുക്കൾ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം, വയനാട് സ്വദേശികളായ ജാബിർ അലി, മുഹമ്മദ് സ്വാലിഹ്, ഷാം അക്ബർ എന്നീ മൂന്ന് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഓഗസ്റ്റ് ആറിന് മഞ്ചേരിയിൽ വെച്ച് നൂറ് ഗ്രാം എംഡിഎംഎയുമായി ആറുപേരെ പിടികൂടിയ കേസിലെ തുടരന്വേഷണമാണ് വൻ അന്തർസംസ്ഥാന ലഹരി ശൃംഖലയെ വെളിച്ചത്തുകൊണ്ടുവന്നത്.
ആഴ്ചകൾക്ക് മുമ്പ്, ഒരു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, മഞ്ചേരി ടൗണിലെ ഒരു സ്വകാര്യ അപ്പാർട്ട്മെന്റിൽ നിന്ന് മയക്കുമരുന്ന് കടത്ത് സംഘത്തിലെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു, അവരിൽ നിന്ന് ഏകദേശം 100 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തിരുന്നത്. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്ന് കേരളത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന ഒരു വലിയ മയക്കുമരുന്ന് കടത്ത് ശൃംഖലയെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് നിർണായക സൂചനകൾ ലഭിക്കുകയായിരുന്നു.
ടൊയോട്ട ഇന്നോവ കാറിന്റെ ഡോർ പാഡുകൾക്കുള്ളിലെ രഹസ്യ അറകളിൽ 200 ഗ്രാം മുതൽ 500 ഗ്രാം വരെയുള്ള ചെറിയ പായ്ക്കറ്റുകളാക്കി സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ദൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് വൻതോതിൽ ശേഖരിക്കുന്ന എംഡിഎംഎ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങുന്ന ആഡംബര വാഹനങ്ങൾ വഴി കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലേക്ക് കടത്തുന്നതാണ് ഇവരുടെ രീതി. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള വിവിധ ജില്ലകളിൽ ചില്ലറ വിൽപ്പനയ്ക്കായി എത്തിച്ച ലഹരിമരുന്നാണ് തമിഴ്നാട് അതിർത്തിയിൽ വെച്ച് സാഹസികമായി തടഞ്ഞുനിർത്തി പിടിച്ചെടുത്തത്.
ലഹരി കടത്താൻ ഉപയോഗിച്ച ഇന്നോവ കാറും പ്രതികളുടെ പക്കൽ നിന്നുള്ള മറ്റ് രേഖകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘാംഗങ്ങൾ വിമാനമാർഗ്ഗം പ്രധാന നഗരങ്ങളിലേക്ക് സഞ്ചരിക്കുകയും ലഹരി സാമഗ്രികളുമായി റോഡ് മാർഗ്ഗം തിരിച്ചെത്തുകയുമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. കേസിൽ ഉൾപ്പെട്ട മറ്റ് പ്രധാന കണ്ണികളെയും ലഹരിയുടെ പ്രധാന ഉറവിടത്തെയും കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം കൂടുതൽ ഊർജ്ജിതമായി പുരോഗമിക്കുകയാണെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി അറിയിച്ചു.










