സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചതിനെതിരെ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ തേടി പാകിസ്ഥാൻ രംഗത്തെത്തി. അമേരിക്കയിലെ പാകിസ്ഥാൻ എംബസി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കവെ പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ ആണ് ഇന്ത്യയുടെ നടപടിക്കെതിരെ ആശങ്ക പ്രകടിപ്പിക്കുകയും ഇത് പ്രാദേശിക സമാധാനത്തിന് ഭീഷണിയാണെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തത്.
എന്നാൽ, അതിർത്തി കടന്നുള്ള ഭീകരവാദം പൂർണ്ണമായും അവസാനിപ്പിക്കാതെ യാതൊരുവിധ ഒത്തുതീർപ്പുമില്ലെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ. “രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല” എന്ന വ്യക്തമായ വിദേശനയം ആവർത്തിച്ചുകൊണ്ട്, പാകിസ്ഥാൻ തങ്ങളുടെ മണ്ണിൽ പ്രവർത്തിക്കുന്ന ഭീകര സംഘടനകളെ പൂർണ്ണമായി ഉന്മൂലനം ചെയ്യുന്നത് വരെ കരാർ മരവിപ്പിച്ചത് തുടരുമെന്ന് ന്യൂഡൽഹി വ്യക്തമാക്കി.
ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ പാക് സ്പോൺസേർഡ് ഭീകരാക്രമണത്തിന് പിന്നാലെയാണ് 1960-ലെ സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചത്. അന്താരാഷ്ട്ര സമ്മർദ്ദങ്ങൾക്കോ പാകിസ്ഥാന്റെ ഭീഷണികൾക്കോ വഴങ്ങില്ലെന്നും അതിർത്തി കടന്നുള്ള അക്രമങ്ങൾ അവസാനിക്കാതെ പ്രകൃതി വിഭവങ്ങൾ പങ്കിടാൻ കഴിയില്ലെന്നുമുള്ള നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുകയാണ്.








