കൊച്ചി: അഴിമതിക്കെതിരേ പുതിയ സംഘടനയുമായി ഡിജിപി ജേക്കബ് തോമസ് . ‘എക്സല്‍ കേരള’ എന്ന സംഘടനയില്‍ സംവിധായകരായ സത്യന് അന്തിക്കാട്, ലാല്‍ ജോസ്, ശ്രീനിവാസന്, സക്കറിയ തുടങ്ങിയ പ്രമുഖര്‍ അംഗങ്ങളാണ്. അഭിഭാഷകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, വിരമിച്ച ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ സംഘടനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംഘടനയുടെ ആദ്യ യോഗം കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്നു.
അഴിമതിക്കെതിരേയുള്ള പോരാട്ടമാണ് സംഘടനയുടെ ലക്ഷ്യമെന്നാണ് ജേക്കബ് തോമസിന്റെ വിശദീകരണം. അഴിമതിരഹിത സംസ്കാരം വളര്‍ത്തിയെടുക്കാനുള്ള പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുമെന്നും ഒരു പൗരന് എന്ന നിലയില്‍ അതിനുള്ള അവകാശം തനിക്കുണ്ടെന്നുമാണ് ജേക്കബ് തോമസിന്റെ വാദം.
വിജിലന്‍സ് ഡയറക്ടായിരിക്കേ ജേക്കബ് തോമസ് സ്വീകരിച്ച നിലപാടുകള്‍ സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. അപ്രസക്തമായ പോസ്റ്റിലേക്ക് മാറ്റിയും ജേക്കബ് തോമസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചും ഒതുക്കാന്‍ നോക്കിയെങ്കിലും അദ്ദേഹം നിലപാട് മാറ്റിയിരുന്നില്ല. വിവിധ അഴിമതി കേസുകളില്‍ സര്‍ക്കാരിനെതിരേ പരസ്യമായി പ്രതികരിച്ച ജേക്കബ് തോമസ് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സര്‍ക്കാരും ജേക്കബ് തോമസും പരസ്യ ഏറ്റുമുട്ടലിലേയ്ക്ക് വരെ പോയ സംഭവങ്ങള്‍ അരങ്ങേറിയതിന് പിന്നാലെയാണ് അഴിമതിക്കെതിരേ സംഘടന രൂപീകരിച്ച് ജേക്കബ്തോമസ് രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post