രാജസ്ഥാനിലെ അതിർത്തി ജില്ലയായ ജെയ്‌സാൽമീറിലെ സൈനിക മേഖലയ്ക്ക് സമീപത്ത് നിന്നും ബോംബ് മാതൃകയിലുള്ള വസ്തു കണ്ടെത്തിയത് പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചു.
ജെയ്‌സാൽമീറിലെ കിഷൻഘട്ട് പ്രദേശത്താണ് ഹാൻഡ് ഗ്രനേഡിനോട് സാദൃശ്യമുള്ള സംശയാസ്പദമായ വസ്തു കണ്ടെത്തിയത്. നഗരത്തിൽ നിന്നും 12 കിലോമീറ്റർ അകലെയുള്ള സൈനിക ഫയറിങ് റേഞ്ചിന് സമീപമുള്ള പ്രദേശത്താണിത് പ്രത്യക്ഷപ്പെട്ടത്. പ്രതലം പൂർണ്ണമായും തുരുമ്പെടുത്ത നിലയിൽ നിലത്തു കിടന്ന വസ്തു പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ ഉടൻ തന്നെ കോട്‌വാലി പോലീസ് സ്ഥലത്തെത്തി സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രദേശം പൂർണ്ണമായും വളഞ്ഞു. പ്രാദേശിക ജനങ്ങളുടെ സഞ്ചാരം തടയുകയും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തു. അതിർത്തി പ്രദേശമായതിനാൽ സൈനിക രഹസ്യാന്വേഷണ വിഭാഗത്തെയും മറ്റ് സുരക്ഷാ ഏജൻസികളെയും പോലീസ് വിവരം അറിയിച്ചിട്ടുണ്ട്.
കണ്ടെത്തിയ വസ്തു പരിശോധിക്കുന്നതിനായി കരസേനയുടെ ബോംബ് ഡിസ്പോസൽ സ്ക്വാഡ് സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പരിശീലന സമയത്ത് ഉപയോഗിച്ച പഴയ സ്ഫോടകവസ്തുവാണോ ഇതെന്ന കാര്യം വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷമേ സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് അധികൃതർ വ്യക്തമാക്കി. പ്രദേശവാസികൾ ആശങ്കപ്പെടേണ്ടതില്ലെന്നും സാഹചര്യം പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും പോലീസ് അറിയിച്ചു.








