രാജ്യത്തിന്റെ പ്രതിരോധ പരീക്ഷണ ശേഷികൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പശ്ചിമ ബംഗാളിലെ പൂർബ മേദിനിപൂർ ജില്ലയിലെ ജുൻപുട്ട് തീരപ്രദേശത്ത് പുതിയ ആയുധ-മിസൈൽ പരീക്ഷണ കേന്ദ്രം വരുന്നു. ഒഡീഷയിലെ ചന്ദിപൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റിംഗ് റേഞ്ചിന് പകരമായി 2024 ഏപ്രിലിൽ ഡി.ആർ.ഡി.ഒ. ഈ പദ്ധതിക്കായി ഒരു പ്രൊപ്പോസൽ സമർപ്പിച്ചിരുന്നെങ്കിലും അന്നത്തെ തൃണമൂൽ കോൺഗ്രസ് സർക്കാർ ഇതിന് ഭൂമി അനുവദിച്ചിരുന്നില്ല. എന്നാൽ വെള്ളിയാഴ്ച നടന്ന ഒരു ചടങ്ങിൽ, ഡി.ആർ.ഡി.ഒ. അയച്ച കത്തിന്മേൽ താൻ അനുമതി നൽകിയതായും ഇത് പശ്ചിമ ബംഗാളിന്റെ വികസനത്തിന് വലിയൊരു പദ്ധതിയായിരിക്കുമെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി വെളിപ്പെടുത്തി. മിസൈൽ പരീക്ഷണ പദ്ധതി ബംഗാളിൽ ആരംഭിക്കുന്നുണ്ടെന്ന് ഡി.ആർ.ഡി.ഒ വൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.
ഒഡീഷയിലെ ചന്ദിപൂർ സൈറ്റുകൾക്കും ആന്ധ്രാപ്രദേശിലെ നിർദ്ദിഷ്ട പരീക്ഷണ കേന്ദ്രത്തിനും ശേഷം ഡി.ആർ.ഡി.ഒയുടെ മൂന്നാമത്തെ വലിയ പരീക്ഷണ കേന്ദ്രമായി ജുൻപുട്ട് മാറുമെന്നാണ് കരുതപ്പെടുന്നത്. നിലവിൽ ഒഡീഷയിലെ രണ്ട് ലോഞ്ച് കോംപ്ലക്സുകളിലായി പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചാണ് ഇന്ത്യയിലുള്ളത്. ഇതിൽ ലോഞ്ച് കോംപ്ലക്സ്-III ഹ്രസ്വകാല മിസൈലുകൾ, ഉപരിതലത്തിൽ നിന്ന് വായുവിലേക്ക് തൊടുവെയ്ക്കുന്ന മിസൈലുകൾ, ആകാശ്, പിനാക തുടങ്ങിയ മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചറുകൾ എന്നിവയുടെ പരീക്ഷണങ്ങൾക്കാണ് പ്രധാനമായും ഉപയോഗിക്കുന്നത്. അതേസമയം അഗ്നി ബാലസ്റ്റിക് മിസൈൽ പരമ്പരയും കെ-സീരീസ് സബ്‌മറൈൻ മിസൈലുകളും ഉൾപ്പെടെയുള്ള ദീർഘകാല തന്ത്രപ്രധാനമായ ആയുധ പരീക്ഷണങ്ങൾക്കായി ലോഞ്ച് കോംപ്ലക്സ്-IV ആണ് ഉപയോഗിക്കുന്നത്.
ബംഗാൾ ഉൾക്കടലിലേക്ക് തടസ്സങ്ങളൊന്നുമില്ലാത്ത കിഴക്കോട്ട് നീളുന്ന സുരക്ഷിതമായ തീരപ്രദേശമാണ് ചന്ദിപൂർ പരീക്ഷണ കേന്ദ്രം നൽകുന്നത്. ചന്ദിപൂരിൽ നിന്ന് ബംഗാൾ ഉൾക്കടലിലൂടെ ഏകദേശം 70 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ജുൻപുട്ടിലെ പുതിയ പരീക്ഷണ കേന്ദ്രം ഒഡീഷ പരീക്ഷണ കേന്ദ്രത്തിന്റെ ജോലിഭാരം പങ്കുവെക്കുകയും ചെയ്യും.








