രാജ്യത്ത് വൈദ്യുതി ആവശ്യം സർവകാല റെക്കോഡിലേക്ക് കുതിച്ചുയരുന്നതായി റിപ്പോർട്ട്. വൈദ്യുതി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സമയത്തെ (പീക്ക് അവർ) ആവശ്യം കഴിഞ്ഞദിവസം 2.67 ലക്ഷം മെഗാവാട്ടായാണ് ഉയർന്നത്. കഴിഞ്ഞവർഷം ഇതേസമയത്ത് ഇത് 2.32 ലക്ഷം മെഗാവാട്ട് മാത്രമായിരുന്നുവെങ്കിൽ, ഈ വർഷം ഏപ്രിലിൽ 2.56 ലക്ഷം മെഗാവാട്ടായിരുന്നു. വരും ദിവസങ്ങളിൽ ആവശ്യം ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ ഇത് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നേരിടുന്ന വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
രാജ്യത്തിന്റെ വൈദ്യുതി ഗ്രിഡ് നിയന്ത്രിക്കുന്ന ‘ഗ്രിഡ് ഇന്ത്യ’യുടെ രേഖകൾ പ്രകാരം നിലവിൽ തമിഴ്‌നാടാണ് ഏറ്റവും കൂടുതൽ വൈദ്യുതി പ്രതിസന്ധി നേരിടുന്നത്. ഇവിടെ 912 മെഗാവാട്ടിന്റെ കുറവുള്ളപ്പോൾ, 639 മെഗാവാട്ട് കുറവുള്ള കേരളം രണ്ടാം സ്ഥാനത്തും 313 മെഗാവാട്ട് കമ്മിയായ രാജസ്ഥാൻ മൂന്നാം സ്ഥാനത്തുമാണ് നിൽക്കുന്നത്. രാജ്യത്തെ അഞ്ചുമേഖലകളാക്കി തിരിച്ചാണ് ഗ്രിഡ് നിയന്ത്രണം നടപ്പിലാക്കുന്നത്. ഇതിൽ കിഴക്കൻമേഖലയൊഴികെ മറ്റു നാലുമേഖലകളും കനത്ത വൈദ്യുതി പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്.
കേരളത്തിന്റെ പീക്ക് അവർ രാത്രിയിലാണെങ്കിലും വ്യവസായസ്ഥാപനങ്ങൾ ധാരാളമുള്ള ഉത്തരേന്ത്യയിൽ അത് പകൽ സമയത്താണ്. രാജ്യത്ത് വൈദ്യുതി ആവശ്യം സർവകാല റെക്കോഡിലെത്തിയതായി രേഖപ്പെടുത്തിയിരിക്കുന്നത് വൈകീട്ട് 3.48-നാണ്. ഉത്തരേന്ത്യയിൽ നവരാത്രി, ദീപാവലി സമയങ്ങളിലാണ് ഏറ്റവും കൂടുതൽ വൈദ്യുതി ഉപഭോഗമുണ്ടാകാറുള്ളത്. അതുകൊണ്ടുതന്നെ ഒക്ടോബർ പകുതിയോടെ ഉപഭോഗം വീണ്ടും വർദ്ധിക്കുമെന്നും, ഇത് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്ത സ്ഥിതിയിലേക്ക് കേരളത്തെ എത്തിക്കുമെന്നുമാണ് കണക്കുകൂട്ടൽ.
കഴിഞ്ഞ വെള്ളിയാഴ്ച കേരളത്തിന്റെ പ്രതിദിന ഉപഭോഗം 9.63 കോടി യൂണിറ്റായിരുന്നു. കഴിഞ്ഞവർഷം ഇതേസമയത്ത് ഇത് 8.94 കോടി യൂണിറ്റായിരുന്നു. കേരളത്തിന്റെ പീക്ക് ഡിമാൻഡ് അഥവാ രാത്രിയിലെ ആവശ്യകത വ്യാഴാഴ്ച 5045 മെഗാവാട്ടായി ഉയർന്നു. കഴിഞ്ഞവർഷം ഇത് 4443 മെഗാവാട്ട് ആയിരുന്നു. സംസ്ഥാനം ഇത്രയും അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുമ്പോഴും, പുറമേനിന്ന് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട നിർണ്ണായക തീരുമാനങ്ങൾ എടുക്കേണ്ട കളമശ്ശേരി ലോഡ് ഡെസ്പാച്ച് സെന്ററിലെ വൈദ്യുതി ബോർഡ് എക്‌സിക്യുട്ടീവ് എൻജിനിയറുടെ ഓഫീസ് കഴിഞ്ഞ രണ്ടുമാസമായി ആരുമില്ലാതെ ഒഴിഞ്ഞുകിടക്കുകയാണെന്നതും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു.








