കൊച്ചി കളമശ്ശേരിയിലെ റിപ്പോർട്ടർ ടി.വി. ആസ്ഥാനത്തെ ന്യൂസ് ഡെസ്‌കിൽ പൊലീസ് നടത്തിയ റെയ്ഡും വാർത്താ പ്രക്ഷേപണം തടസ്സപ്പെട്ട സംഭവവും വലിയ ചർച്ചയാകുന്നു. പുലർച്ചെ അഞ്ചുമണിയോടെ തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘം ചാനൽ ഓഫീസിൽ എത്തിയതായും, യാതൊരുവിധ നോട്ടീസും നൽകാതെ എഴുപതോളം മാധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചെടുത്തതായും റിപ്പോർട്ടർ ടി.വി. വ്യക്തമാക്കി. ഡ്യൂട്ടിക്ക് എത്തിയ ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തുന്ന രീതിയിലാണ് പെരുമാറ്റമുണ്ടായതെന്നും ചാനൽ ചൂണ്ടിക്കാണിക്കുന്നു.
മാധ്യമസ്ഥാപനത്തിന് നേരെ കേരള പൊലീസ് നടത്തിയ ഈ നടപടിയെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ശക്തമായി അപലപിച്ചു. അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്ന അതിക്രമമാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഡൽഹിയിലും മാധ്യമങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾക്ക് സമാനമാണ് കേരളത്തിലും ഉണ്ടായിരിക്കുന്നത്. ന്യൂസ് ക്ലിക്ക് ഓഫീസിൽ അതിക്രമിച്ചുകയറി ഉപകരണങ്ങൾ പിടിച്ചെടുക്കുകയും പത്രാധിപരെ ജയിലിൽ അടക്കുകയും ചെയ്തതിന് സമാനമായ നടപടിയാണ് ഇവിടെയും ഉണ്ടായിരിക്കുന്നതെന്നും, മാധ്യമങ്ങളുടെ വായടപ്പിക്കുന്ന ഈ അതിക്രമം കേരളം അംഗീകരിക്കാൻ പോകുന്നില്ലെന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു. മാധ്യമങ്ങൾക്ക് നേരെ നടന്ന ഈ കടന്നാക്രമണത്തിന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവത്തിൽ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതികരിച്ചിട്ടുണ്ട്. മാധ്യമസ്ഥാപനത്തിന് നേരെയുള്ള കടന്നുകയറ്റം കേരള ചരിത്രത്തിൽ അപൂർവമാണെന്നും, എന്താണെന്നുള്ള കാര്യം പോലും അറിയിക്കാതെ മാധ്യമങ്ങൾക്ക് നേരെ ഇതുപോലുള്ള ഒരു കടന്നാക്രമണം ഉണ്ടായത് എങ്ങനെയെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.








