തിരുവനന്തപുരത്തെ തിയേറ്ററുകളിൽ സിനിമാസ്വാദകർക്ക് സൗജന്യ കുടിവെള്ളം ലഭ്യമാക്കി തുടങ്ങിയ മാറ്റത്തെ സ്വാഗതം ചെയ്ത് തിരുവനന്തപുരം മേയർ വി.വി. രാജേഷ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. തിരുവനന്തപുരത്ത് സിനിമ കണ്ടുകൊണ്ടിരിക്കുന്ന സുഹൃത്ത് അയച്ചു തന്ന ചിത്രത്തോടൊപ്പമാണ് അദ്ദേഹം ഈ സന്തോഷം പങ്കുവെച്ചിരിക്കുന്നത്.
തിയേറ്ററുകളുടെ അകത്ത് ഡോറിന് പുറത്തായി ജാറിൽ കുടിവെള്ളം വെച്ചിരിക്കുന്ന ചിത്രമാണ് പോസ്റ്റിനൊപ്പം ഉള്ളത്. ഇത്തരം മാറ്റങ്ങൾ വരുന്നതിൽ സന്തോഷമുണ്ടെന്നും, ഈ സൗകര്യം എല്ലാ തിയേറ്ററുകളിലും എത്തിയിട്ടുണ്ടോ എന്ന് വ്യക്തമല്ലെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. ‘എപ്പോഴും ജനങ്ങൾക്കൊപ്പം’ എന്ന വാചകത്തോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
തിയേറ്ററുകളിലെ ഉയർന്ന കുടിവെള്ള വിലയും സൗകര്യങ്ങളുടെ കുറവും സംബന്ധിച്ച് വലിയ ചർച്ചകൾ നടക്കുന്നതിനിടയിലാണ് തിരുവനന്തപുരത്തെ തിയേറ്ററുകളിൽ നിന്നുള്ള ഈ മാതൃകാപരമായ വിവരങ്ങൾ പുറത്തുവരുന്നത്. തിയേറ്ററുകളിൽ പോപ്‌കോണുകൾക്കും ഭക്ഷണ സാധനങ്ങൾക്കും അമിത വിലയീടാക്കുന്ന രീതിക്കെതിരെ പ്രതികരണവുമായി വന്നത് വി.വി. രാജേഷ് ആയിരുന്നു. ഇതിന് പിന്നാലെയാണ് കേരള സർക്കാർ നടപടികളിലേക്കും ചർച്ചകളിലേക്കും കടന്നത്.








