ഉത്തർപ്രദേശിലെ അസംഗഢിൽ സ്വന്തം ഭാര്യയെയും രണ്ട് പൂജാരിമാരെയും വെടിവെച്ചുകൊന്ന പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. വീട്ടിൽ നടന്ന ഒരു പൂജയ്ക്കിടെ പ്രതിയായ അരവിന്ദ് സിംഗ് എന്നയാൾ ആക്രമണം നടത്തുകയായിരുന്നു. വീട്ടിൽ ദുരാത്മാവിന്റെ സാന്നിധ്യമുണ്ടെന്ന സംശയത്തിൽ അരവിന്ദിന്റെ പെരുമാറ്റം നന്നാക്കാനാണ് ഭാര്യയും കുടുംബവും ചേർന്ന് പൂജ സംഘടിപ്പിച്ചത്. എന്നാൽ ചടങ്ങിനിടെ ദേഷ്യത്തിലായ അരവിന്ദ് പൂജാരിമാരെയും ഭാര്യയെയും വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം പ്രതി തന്റെ കുട്ടികളെ മുറിക്കുള്ളിൽ പൂട്ടിയിട്ട് ബന്ദികളാക്കി. സംഭവസ്ഥലത്തെത്തിയ പോലീസും ബന്ധുക്കളും മണിക്കൂറുകളോളം കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയ്യാറായില്ല. തുടര്‍ന്ന് ഇയാൾ കുട്ടികൾക്ക് നേരെയും വെടിയുതിർത്തു. വെടിവെപ്പിൽ പരിക്കേറ്റ ഇയാളുടെ പത്തു വയസ്സുകാരനായ മകൻ പിന്നീട് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.
കുട്ടിയുടെ വെടിയൊച്ച കേട്ടതോടെ പോലീസ് സ്റ്റൺ ഗ്രനേഡുകളും കണ്ണീർവാതകവും ഉപയോഗിച്ച് വീടിനുള്ളിലേക്ക് കടന്നു. ഇതോടെ പ്രതി പോലീസിന് നേരെ നിരന്തരം വെടിവെക്കാൻ തുടങ്ങി. സ്വയംരക്ഷയ്ക്കും കുട്ടികളുടെ ജീവൻ രക്ഷിക്കുന്നതിനുമായി പോലീസ് തിരിച്ചടിച്ച വെടിവെപ്പിലാണ് പ്രതി അരവിന്ദ് കൊല്ലപ്പെട്ടത്. ഏഴു മണിക്കൂറോളം നീണ്ട ഭീതിദമായ അന്തരീക്ഷത്തിനൊടുവിൽ മുറിക്കുള്ളിലുണ്ടായിരുന്ന മറ്റു കുട്ടികളെ പോലീസ് സുരക്ഷിതമായി രക്ഷപ്പെടുത്തി.








