ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ സമിതിയിൽ ഇന്ത്യക്കെതിരെ നിരന്തരം അടിസ്ഥാനരോഗ ആരോപണങ്ങൾ ഉന്നയിക്കുന്ന പാകിസ്താന് ചുട്ട മറുപടിയുമായി ഇന്ത്യ. ജമ്മു-കശ്മീരിനെക്കുറിച്ചും ഇന്ത്യയിലെ ഭൂരിപക്ഷ-ന്യൂനപക്ഷ അവസ്ഥകളെക്കുറിച്ചും പാകിസ്താൻ നടത്തുന്ന നുണപ്രചാരണങ്ങൾക്കെതിരെ ഇന്ത്യ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താന് സ്വന്തം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും ന്യൂനപക്ഷ വേട്ടയും മാത്രമാണ് പറയാനുള്ളതെന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ ക്ഷിതിജ് ത്യാഗി യു.എൻ വേദിയിൽ തുറന്നടിച്ചു.
ജമ്മു-കശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്നും അത് എന്നും അങ്ങനെ തന്നെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്താന്റെ അധീനതയിലുള്ള അവിഭക്ത കശ്മീരിന്റെ ഭാഗം അവർ ഉടൻ ഒഴിഞ്ഞുനൽകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ ഭരണത്തിൻ്റെ ഉന്നത പദവികളും നിയമ നിർമ്മാണ സഭകളും കോടതികളും നയിക്കുമ്പോൾ, പാകിസ്താനിൽ ഹിന്ദു, സിഖ്, ക്രിസ്ത്യൻ ജനവിഭാഗങ്ങൾ അനുദിനം ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ക്ഷിതിജ് ത്യാഗി ചൂണ്ടിക്കാട്ടി. അവിടങ്ങളിൽ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനം നടത്തുന്നതും ഷിയ, അഹമ്മദീയ, ഹസാറ തുടങ്ങിയ മുസ്ലിം വിഭാഗങ്ങൾ പോലും ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകുന്നതും ലോകം കാണേണ്ടതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
1990-കളിൽ കശ്മീരി പണ്ഡിറ്റുകളെ സ്വന്തം ഭവനങ്ങളിൽ നിന്ന് ആട്ടിയോടിച്ചത് പാകിസ്താൻ ആയുധവും പരിശീലനവും നൽകി അതിർത്തി കടത്തിവിട്ട തീവ്രവാദികളാണെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, ആ ഭീകരർ പിന്നീട് എല്ലാ വിഭാഗത്തിലും പെട്ട കശ്മീരികളെയും കൊന്നൊടുക്കിയതായും കൂട്ടിച്ചേർത്തു. ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചവർ തന്നെ മനുഷ്യാവകാശ സമിതിയിൽ നീതിയെക്കുറിച്ച് സംസാരിക്കുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇതിനിടയിൽ, സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് പാകിസ്താൻ യു.എൻ സുരക്ഷാ സമിതിയിൽ പ്രചരിപ്പിക്കുന്ന നുണകളെ വിദേശകാര്യ വക്താവ് രൺധീർ ജൈസ്വാളും തള്ളിക്കളഞ്ഞു. പാകിസ്താന് അന്താരാഷ്ട്ര നിയമങ്ങളെ വളച്ചൊടിക്കുന്ന സ്വഭാവമുണ്ടെന്നും പെർമനൻ്റ കോടതിയുടെ പേരിൽ അവർ നടത്തുന്ന കള്ളപ്രചാരണങ്ങൾ ജനം തിരിച്ചറിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ഔദ്യോഗിക നിലപാട് വ്യക്തവും നിയമപരമായി ഉറച്ചതുമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.








