രാജ്യത്ത് കൗമാരപ്രായക്കാരിൽ ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ വർദ്ധിച്ചുവരുന്നതായി എയിംസ് സർവേ റിപ്പോർട്ട്. വ്യായാമമില്ലാത്ത അലസമായ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണരീതികളും കാരണം രാജ്യത്തെ അഞ്ച് പെൺകുട്ടികളിൽ ഒരാൾ വീതം ക്രമരഹിതമായ ആർത്തവത്തിലൂടെ കടന്നുപോകുന്നുവെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. കൗമാരക്കാരായ പെൺകുട്ടികളിൽ ആരോഗ്യകരമായ മാറ്റങ്ങൾ ഉറപ്പാക്കാൻ ഇത്തരം വിഷയങ്ങൾ ഗൗരവമായി കാണേണ്ടതുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കൗമാരപ്രായത്തിൽ ആർത്തവം തുടങ്ങി ആദ്യ വർഷങ്ങളിൽ ചില ക്രമക്കേടുകൾ സ്വാഭാവികമാണെങ്കിലും, പെൺകുട്ടിയുടെ പ്രായവും ആദ്യആർത്തവം കഴിഞ്ഞ് എത്ര കാലം കഴിഞ്ഞുവെന്നതും കണക്കിലെടുത്തുവേണം ഇതൊരു ഗുരുതരമായ ആർത്തവക്രമക്കേടാണോ എന്ന് വിലയിരുത്തേണ്ടതെന്ന് എയിംസിലെ പീഡിയാട്രിക് എൻഡോക്രൈനോളജി പ്രൊഫസർ ഡോ. രജനി ശർമ്മ വ്യക്തമാക്കുന്നു. ഇന്നത്തെ കാലത്ത് കൗമാരക്കാരിൽ കണ്ടുവരുന്ന പോളിസിസ്റ്റിക് ഒവറി സിൻഡ്രോം (PCOS) പോലുള്ള ഹോർമോൺ വ്യതിയാനങ്ങളും ഇത്തരം ക്രമക്കേടുകൾക്ക് പ്രധാന കാരണമാകുന്നുണ്ട്.
മാനസിക സമ്മർദ്ദം, കൃത്യമായ ഉറക്കമില്ലായ്മ, ഫാസ്റ്റ് ഫുഡുകളുടെ അമിത ഉപയോഗം എന്നിവയും പെൺകുട്ടികളിലെ ആർത്തവ ചക്രത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ആർത്തവങ്ങൾ തമ്മിലുള്ള ഇടവേളകളിലെ വ്യത്യാസങ്ങൾ കൃത്യമായി നിരീക്ഷിക്കുകയും ആവശ്യമെങ്കിൽ പ്രാരംഭ ഘട്ടത്തിൽ തന്നെ വൈദ്യസഹായം തേടുകയും ചെയ്യേണ്ടത് അനിവാര്യമാണ്. സമീകൃത ആഹാരവും കൃത്യമായ വ്യായാമവും ശീലമാക്കുന്നത് വഴി കൗമാരപ്രായത്തിലെ ഇത്തരം ആരോഗ്യപ്രശ്നങ്ങളെ ഒരു പരിധി വരെ പ്രതിരോധിക്കാൻ സാധിക്കുമെന്നും ആരോഗ്യ വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.










