വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അതിഗംഭീരമായ വരവേൽപ്പിനൊടുവിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് നൽകിയത് കടുത്ത മുന്നറിയിപ്പെന്ന് റിപ്പോർട്ട്. വൈറ്റ് ഹൗസിൽ നടന്ന ഉന്നതതല ഉച്ചകോടിയിൽ ചൈനീസ് ഭരണാധികാരി നൽകിയ സന്ദേശം അമേരിക്കയ്ക്ക് കനത്ത തിരിച്ചടിയായെന്നാണ് പുറത്തുവരുന്ന വിവരം. ട്രംപ് അതിമനോഹരമായ സ്വീകരണമൊരുക്കി ഷിയെ പ്രശംസയിൽ മൂടിയപ്പോൾ, അമേരിക്ക സ്വന്തം കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതിയെന്ന ശക്തമായ സന്ദേശമാണ് ഷി ജിൻപിങ് നൽകിയതെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ജോയിന്റ് ബേസ് ആൻഡ്രൂസിൽ ചുവപ്പ് പരവതാനി വിരിച്ചും നൂറുകണക്കിന് സൈനികരുടെ അകമ്പടിയോടെയും ബോംബർ വിമാനങ്ങളുടെ ഫ്ലൈഓവറോടെയുമാണ് ട്രംപ് ഷി ജിൻപിംഗിനെ സ്വീകരിച്ചത്. ഷിയെ തന്റെ ‘യഥാർത്ഥ വലിയ സുഹൃത്ത്’ എന്ന് വിശേഷിപ്പിച്ച ട്രംപ്, വ്യാഴാഴ്ച വൈറ്റ് ഹൗസിൽ നടന്ന ഔദ്യോഗിക സ്വീകരണച്ചടങ്ങിലും വലിയ തോതിലുള്ള പ്രശംസകളാണ് ചൊരിഞ്ഞത്. എന്നാൽ ഈ ആഡംബര സ്വീകരണങ്ങളെല്ലാം അവഗണിച്ച് വളരെ ഗൗരവമേറിയ രാഷ്ട്രീയ മുന്നറിയിപ്പാണ് ചൈനീസ് പ്രസിഡന്റ് അമേരിക്കയുടെ മുഖത്തുനോക്കി നൽകിയത്.
അതേസമയം, ചൈനീസ് പ്രസിഡന്റിന് വൈറ്റ് ഹൗസിൽ നൽകിയ ഈ വിഐപി സ്വീകരണത്തിനെതിരെ അമേരിക്കൻ രാഷ്ട്രീയക്കളത്തിൽ വലിയ എതിർപ്പും ഉയർന്നിട്ടുണ്ട്. ചൈന ഒരു കടുത്ത എതിരാളിയാണെന്ന് റിപ്പബ്ലിക്കൻ സെനറ്റർ റോജർ വിക്കർ തുറന്നടിച്ചു. തായ്‌വാനുള്ള സുരക്ഷാ സഹായം ഉടൻ അനുവദിക്കണമെന്ന് റിപ്പബ്ലിക്കൻ സെനറ്റർമാർ ട്രംപിന്മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെ മാഗാ (MAGA) ഇൻഫ്ലുവൻസറായ ലോറ ലൂമറും ഈ സന്ദർശനത്തിനെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.












