ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഇന്ത്യയുടെ ബോക്‌സിങ് ഇതിഹാസം മേരി കോം. റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ പുതിയ എപ്പിസോഡിലാണ് ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് വരെ ചിന്തിച്ചിരുന്നുവെന്ന് മേരി കോം വെളിപ്പെടുത്തിയത്. അന്ന് തന്റെ പിഞ്ചുകുഞ്ഞുങ്ങളെ ഓർത്താണ് മുന്നോട്ടുപോയതെന്നും അവർ പറഞ്ഞു.
വ്യക്തിപരമായ പ്രതിസന്ധികളെയും ജീവിതത്തിലെ പ്രയാസകരമായ ഘട്ടങ്ങളെയും കുറിച്ച് സംസാരിക്കുന്നതിനിടെയാണ് മേരി കോം മനസുതുറന്നത്. ബോക്‌സിങ് റിങ്ങിലെ കരുത്തിന് പേരുകേട്ട തനിക്ക് ഒരുകാലത്ത് തികച്ചും അശക്തയായി തോന്നിയിരുന്നുവെന്നും അവർ പറഞ്ഞു. “ഞാൻ വളരെ ശക്തയാണ്. എന്നാൽ ആ സമയത്ത് എനിക്ക് പിടിച്ചുനിൽക്കാനായില്ല. ഞാൻ തകർന്നുപോയി. എനിക്ക് ചെയ്യാനേറെയുണ്ടായിരുന്നു. എന്റെ ജീവിതം അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചു. എന്നാൽ എന്റെ കുട്ടികൾക്കുവേണ്ടിയാണ് ഞാൻ ഇന്നും ജീവിക്കുന്നത്. അന്ന് അവർ ചെറുതായിരുന്നു. ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്. ഇപ്പോൾ കരച്ചിൽ വന്നാലും അത് പുറത്തുകാണിക്കാറില്ല,” മേരി കോം പറഞ്ഞു.
ചെറുപ്പം മുതൽ നിരവധി വെല്ലുവിളികൾ നേരിട്ടിട്ടുണ്ടെന്നും അവയെ അതിജീവിക്കുന്നത് ജീവിതത്തിലെ തുടർച്ചയായ പോരാട്ടമായിരുന്നുവെന്നും മേരി കോം വ്യക്തമാക്കി. കുടുംബത്തിനും സംസ്ഥാനത്തിനും രാജ്യത്തിനുമായി നിരവധി ത്യാഗങ്ങൾ സഹിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
“ചെറുപ്പകാലം മുതൽ ഞാൻ വലിയ തോതിൽ അനുഭവിച്ചിട്ടുണ്ട്. എന്റെ കുടുംബത്തിനും എന്റെ സംസ്ഥാനത്തിനും എന്റെ രാജ്യത്തിനും വേണ്ടി ഞാൻ ത്യാഗം സഹിച്ചിട്ടുണ്ട്. ഇങ്ങനെ ആർക്ക് പൊരുതാനാകും? ഇതൊരു വെല്ലുവിളിയാണ്,” മേരി കോം പറഞ്ഞു.
ബോക്‌സിങ് മത്സരങ്ങളോടുള്ള തന്റെ അടങ്ങാത്ത ആഗ്രഹത്തെക്കുറിച്ചും മേരി കോം സംസാരിച്ചു. കൂടുതൽ മെഡലുകൾ നേടണമെന്ന ആഗ്രഹം ഇപ്പോഴും അവസാനിച്ചിട്ടില്ലെങ്കിലും പ്രായം കാരണം ഇനി മത്സരിക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു. “ഞാൻ വ്യത്യസ്തയായ ഒരു അത്‌ലറ്റാണ്. എനിക്ക് കൂടുതൽ മെഡലുകൾ നേടണം. ഒരു മെഡൽ പോരാ. രണ്ട് മെഡലുകൾ പോരാ. മൂന്ന് മെഡലുകൾ പോരാ. എനിക്ക് ഇപ്പോഴും വിശപ്പൊടുങ്ങിയിട്ടില്ല. പക്ഷേ പ്രായക്കൂടുതൽ കാരണം ഇനി പങ്കെടുക്കാൻ കഴിയില്ല,” അവർ പറഞ്ഞു.
മണിപ്പൂരിൽ ജനിച്ചുവളർന്ന മേരി കോം ആറ് തവണ ലോക ബോക്‌സിങ് ചാമ്പ്യനായിട്ടുണ്ട്. 2012ലെ ലണ്ടൻ ഒളിമ്പിക്‌സിൽ വെങ്കല മെഡലും നേടിയിരുന്നു.








