ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ്, ലഷ്കറെ തൊയ്ബ തലവൻ ഹാഫിസ് സഈദിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്നും പ്രതികരിക്കാതെ മടങ്ങി. യു.എൻ ആസ്ഥാനത്തേക്ക് പ്രവേശിക്കുമ്പോഴും പുറത്തേക്ക് ഇറങ്ങുമ്പോഴും മാധ്യമപ്രവർത്തകർ ഭീകരവാദത്തിനെതിരെയുള്ള നടപടികളെക്കുറിച്ചും ഹാഫിസ് സഈദിനെ എപ്പോൾ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ചോദിച്ചെങ്കിലും ഷെഹ്ബാസ് ഷരീഫ് മറുപടി നൽകാൻ തയ്യാറായില്ല.
ഇന്ത്യ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം ഭീകരനായി പ്രഖ്യാപിച്ച ഹാഫിസ് സഈദ് 26/11 മുംബൈ ഭീകരാക്രമണക്കേസിലെ പ്രധാന പ്രതിയാണ്. കൂടാതെ 2025 ഏപ്രിൽ 22-ന് നടന്ന പഹൽഗാം ഭീകരാക്രമണ കേസിലെ എൻ.ഐ.എ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലും ഹാഫിസ് സഈദിനെ പ്രതിയായി ചേർത്തിട്ടുണ്ട്.
അതേസമയം, യു.എൻ മനുഷ്യാവകാശ കൗൺസിലിൽ പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത വിമർശനമുന്നയിച്ചു. സ്വന്തം രാജ്യത്തെ സാമ്പത്തിക, ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം പാകിസ്ഥാൻ അതിർത്തികടന്നുള്ള ഭീകരവാദത്തിനും മറ്റ് രാജ്യങ്ങളുടെ പ്രദേശങ്ങൾ കൈയടക്കുന്നതിനുമാണ് പ്രാധാന്യം നൽകുന്നതെന്ന് ഇന്ത്യൻ നയതന്ത്രജ്ഞൻ ക്ഷിതിജ് ത്യാഗി കുറ്റപ്പെടുത്തി. പാകിസ്ഥാൻ കൈയേറിയ കാശ്മീരിൽ നടക്കുന്ന ജനദ്രോഹ നടപടികളെക്കുറിച്ചും അവശ്യസാധനങ്ങളുടെ ക്ഷാമത്തെക്കുറിച്ചും ഇന്ത്യ യു.എന്നിൽ ചൂണ്ടിക്കാണിച്ചു








