പുകവലി ശീലമില്ലാത്തവർക്കും ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങൾ ഉണ്ടാകാമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. പുകവലി ഒഴിവാക്കുന്നത് മാത്രമാണ് ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കാനുള്ള ഏക പോംവഴിയെന്ന് കരുതുന്നത് തെറ്റാണ്. നമ്മുടെ നിത്യജീവിതത്തിലെ പല ചെറിയ ശീലങ്ങളും ചുറ്റുപാടുകളുമാണ് അറിയാതെ തന്നെ ശ്വാസകോശത്തെ സാരമായി ബാധിക്കുന്നത്. വായു മലിനീകരണം മുതൽ വ്യായാമമില്ലായ്മ വരെയുള്ള 7 പ്രധാന ഘടകങ്ങൾ ശ്വാസകോശത്തിന്റെ ആരോഗ്യത്തെ എങ്ങനെ തകർക്കുന്നുവെന്ന് പരിശോധിക്കാം.
ആദ്യം തന്നെ ബാധിക്കുന്നത് പുറംലോകത്തെ രൂക്ഷമായ വായു മലിനീകരണമാണ്. വാഹനങ്ങളിൽ നിന്നുള്ള പുകയും വ്യാവസായിക മാലിന്യങ്ങളും ശ്വാസനാളത്തെ പ്രകോപിപ്പിക്കുകയും ചുമയ്ക്കും ശ്വാസതടസ്സത്തിനും കാരണമാവുകയും ചെയ്യുന്നു. ഇതിനുപുറമെ വീടുകളിലെ ഇൻഡോർ മലിനീകരണവും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പാചകം ചെയ്യുമ്പോൾ ഉണ്ടാകുന്ന പുക, വിറക് ഉപയോഗം, കൊതുകുതിരികളുടെ പുക, എന്നിവയോടൊപ്പം വീടുകളിൽ കൃത്യമായ വായുസഞ്ചാരം ഇല്ലാത്തതും ശ്വാസകോശത്തിന് കനത്ത ആഘാതമാണ് ഉണ്ടാക്കുന്നത്. അടുക്കളകളിൽ എക്സോസ്റ്റ് ഫാനുകളുടെ ഉപയോഗവും വീടുകളിൽ നല്ല വെന്റിലേഷനും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.
തൊഴിലിടങ്ങളിലെ അപകടസാധ്യതകളാണ് മറ്റൊരു പ്രധാന വില്ലൻ. നിർമ്മാണ മേഖല, ഫാക്ടറികൾ, ലബോറട്ടറികൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ നിരന്തരം പൊടിപടലങ്ങളുമായും രാസവസ്തുക്കളുടെ പുകയുമായും ഇടപെടേണ്ടി വരുന്നു. ഇത് ദീർഘകാലാടിസ്ഥാനത്തിൽ ഗുരുതരമായ ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകും. തൊഴിലിടങ്ങളിൽ സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കേണ്ടത് അതിനാൽ തന്നെ അനിവാര്യമാണ്. കൂടാതെ, നമ്മൾ ഉപയോഗിക്കുന്ന പെയിന്റുകൾ, ലായനികൾ, ക്ലീനിങ് ഉൽപ്പന്നങ്ങൾ എന്നിവയിൽ നിന്നുള്ള രാസപുക അടഞ്ഞ മുറികളിൽ ശ്വസിക്കുന്നതും ശ്വാസകോശത്തെ തകരാറിലാക്കാം.
തനിയെ പുകവലിച്ചില്ലെങ്കിലും ചുറ്റുമുള്ളവരിൽ നിന്നുള്ള സെക്കൻഡ് ഹാൻഡ് സ്മോക്ക് (Secondhand smoke) ശരീരത്തിലേക്ക് പ്രവേശിക്കുന്നതും വലിയ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ഇത് കുട്ടികളെയും മുതിർന്നവരെയുമെല്ലാം ഒരുപോലെ ദോഷകരമായി ബാധിക്കും. ഇതുകൂടാതെ, വ്യായാമമില്ലാത്ത അലസമായ ജീവിതശൈലിയും കാർഡിയോറെസ്പിറേറ്ററി ഫിറ്റ്‌നസിനെ തകരാറിലാക്കുന്നു. ചെറിയ ജോലികൾ ചെയ്യുമ്പോൾ പോലും പെട്ടെന്ന് കിതപ്പ് അനുഭവപ്പെടാൻ ഇത് കാരണമാകും. ഏറ്റവും പ്രധാനമായി, വിട്ടുമാറാത്ത ചുമ, ശ്വാസതടസ്സം, നെഞ്ചിലെ അസ്വസ്ഥതകൾ തുടങ്ങിയ ലക്ഷണങ്ങളെ വെറും കാലാവസ്ഥ വ്യതിയാനമായി കരുതി അവഗണിക്കുന്ന ശീലമുണ്ട്. ഇത് പലപ്പോഴും ആസ്മ പോലെയുള്ള ഗുരുതരമായ രോഗങ്ങളുടെ ലക്ഷണമാകാം എന്നതിനാൽ തുടക്കത്തിൽ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.











