വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിയെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ ഉച്ചയ്ക്ക് 12 മണിവരെയാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പാർവതിയെ തിരുവനന്തപുരം വിമാനത്താവളത്തിൽവച്ച് പൊലീസ് പിടികൂടിയത്.
അർമേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് ഏകദേശം പത്ത് ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ ഒന്നാം പ്രതിയാണ് പാർവതി മായ ഷാജി. സംഭവത്തിൽ കൂടുതൽ പരാതികൾ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
അതേസമയം, നൂറുകണക്കിന് പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നും ഇതിൽ 15 പേർ മാത്രമാണ് നിലവിൽ പരാതിയുമായി മുന്നോട്ട് വന്നതെന്നും പരാതിക്കാരുടെ അഭിഭാഷകർ മാധ്യമങ്ങളോട് പറഞ്ഞു. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സാധാരണക്കാരിൽനിന്ന് ലക്ഷക്കണക്കിന് രൂപ ഈടാക്കിയെന്നാണ് ആരോപണം.
‘അൺസ്കിൽഡ് ലേബർ’ തസ്തികകളിലേക്ക് നിയമനം നൽകാമെന്ന് പറഞ്ഞാണ് ഉദ്യോഗാർഥികളെ സമീപിച്ചതെന്നാണ് പരാതിക്കാർ പറയുന്നത്. 2023–24 കാലയളവിലാണ് പലരിൽനിന്നും പണം വാങ്ങിയതെന്നും, തുടർന്ന് വാഗ്ദാനം ചെയ്ത രീതിയിൽ നടപടികൾ മുന്നോട്ടുപോയില്ലെന്നും അഭിഭാഷകർ ആരോപിച്ചു.
വിദേശത്തേക്ക് അയച്ച ചിലർക്ക് ഖനികളിലുൾപ്പെടെ ദുരിതപൂർണമായ സാഹചര്യങ്ങളിൽ ജോലി ചെയ്യേണ്ടിവന്നതായും മതിയായ ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥയുണ്ടായിരുന്നുവെന്നും പരാതിക്കാർ ആരോപിക്കുന്നു. ചിലർ ജീവൻ രക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയതായും അഭിഭാഷകർ പറഞ്ഞു.
പണം തിരികെ ആവശ്യപ്പെട്ട് ഓഫീസിലെത്തിയ പരാതിക്കാരെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തുവെന്നാണ് മറ്റൊരു ആരോപണം. പരാതിക്കാരുടെ കുടുംബാംഗങ്ങളെ നേരിട്ടെത്തി ഭീഷണിപ്പെടുത്തിയ സംഭവങ്ങളും ഉണ്ടായതായി അഭിഭാഷകർ ആരോപിച്ചു.
കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കസ്റ്റഡിയിലുള്ള പാർവതി മായ ഷാജിയിൽനിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. പരാതികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കേസിന്റെ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാനും സാധ്യതയുണ്ട്.










