അഹമ്മദാബാദിലെ നിർമ സർവകലാശാലയിൽ നടന്ന ടെക്നോഫോറ 2026 പരിപാടിക്കിടെ വിദ്യാർഥിയുടെ കോളറിൽ അധ്യാപകൻ പിടിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. സെപ്റ്റംബർ 18 മുതൽ 20 വരെ നടന്ന സർവകലാശാലയുടെ വാർഷിക സാങ്കേതിക പരിപാടിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്.
പരിപാടിയുടെ ഭാഗമായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ രജത് സൂദിന്റെ പ്രകടനവും നടന്നിരുന്നു. ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് വിഭാഗം മേധാവി ഡോ. ഹിമാൻഷു കെ. പട്ടേൽ വേദിയിൽ സംസാരിക്കുന്നതിനിടെ സദസ്സിലുണ്ടായിരുന്ന ഒരു വിദ്യാർഥി ‘ഗോൾമാൽ 3’ എന്ന ഹിന്ദി സിനിമയിലെ പ്രശസ്തമായ “ജൽദി ബോൽ, കൽ സുബഹ് പൻവേൽ നികൽനാ ഹൈ” എന്ന ഡയലോഗ് വിളിച്ചുപറഞ്ഞതായാണ് റിപ്പോർട്ടുകൾ.
ഇതിനെ തുടർന്ന് അധ്യാപകൻ വിദ്യാർഥിയോട് “തോ നികൽ ലേ ഭായ്” എന്ന് പ്രതികരിക്കുകയും പിന്നീട് വേദിയിലേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ വിദ്യാർഥി വേദിയിലെത്തിയതിന് പിന്നാലെ അധ്യാപകൻ ഇയാളുടെ കോളറിൽ പിടിക്കുന്നത് കാണാം. തുടർന്ന് അധ്യാപകൻ കടുത്ത ഭാഷയിൽ വിദ്യാർഥിക്ക് മുന്നറിയിപ്പ് നൽകുന്നതും ദൃശ്യങ്ങളിലുണ്ട്.
എന്നാൽ വൈറലായ ഹ്രസ്വ വീഡിയോയിൽ സംഭവത്തിന് മുമ്പുണ്ടായിരുന്ന മുഴുവൻ സാഹചര്യവും വ്യക്തമല്ലെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ വിവിധ പ്രതികരണങ്ങളാണ് ഉയരുന്നത്. വിദ്യാർഥിയുടെ പരാമർശം അച്ചടക്കലംഘനമാണെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ, വിദ്യാർഥിയോട് അധ്യാപകൻ സ്വീകരിച്ച രീതിയെ വിമർശിച്ചും പ്രതികരണങ്ങളുണ്ട്









