ഗുവാഹത്തിയിൽ നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തിയ ഇൻഡിഗോ വിമാനം ലാൻഡിങ്ങിനിടെ ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ടു. മോശം കാലാവസ്ഥയും ശക്തമായ കാറ്റും കാരണം ആദ്യ ശ്രമത്തിൽ ലാൻഡിങ് നടത്താനാകാതെ വിമാനം വീണ്ടും ഉയർന്നുപൊങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് വിമാനത്തിന്റെ പിൻഭാഗം റൺവേയിൽ തട്ടിയത് (ടെയിൽ സ്ട്രൈക്ക്). 6E 6542 എന്ന ഇൻഡിഗോ എ321 വിമാനമാണ് ഈ അപകടത്തിൽപ്പെട്ടത്. പൈലറ്റിന്റെ സമയബന്ധിതമായ ഇടപെടലിനെ തുടർന്ന് രണ്ടാമത്തെ ശ്രമത്തിൽ വിമാനം സുരക്ഷിതമായി നിലത്തിറക്കാൻ സാധിച്ചു.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും യാതൊരുവിധ പരിക്കുകളുമില്ലാതെ സുരക്ഷിതമായി പുറത്തിറങ്ങിയതായി എയർലൈൻ അധികൃതർ അറിയിച്ചു. റൺവേയിൽ ഉണ്ടായ അസാധാരണ സ്പർശനത്തെക്കുറിച്ച് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ അനുസരിച്ച് തന്നെ ബന്ധപ്പെട്ട സുരക്ഷാ ഏജൻസികളെ ഉടൻ വിവരമറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ എപ്പോഴും മുൻഗണന നൽകുന്നതെന്നും ഇൻഡിഗോ വക്താവ് വ്യക്തമാക്കി.
അപകടത്തിൽപ്പെട്ട വിമാനം നിലവിൽ സർവീസിൽ നിന്ന് മാറ്റി നിർത്തിയിരിക്കുകയാണ്. വിശദമായ സാങ്കേതിക പരിശോധനകൾക്കും അറ്റകുറ്റപ്പണികൾക്കും ശേഷം ആവശ്യമായ എല്ലാ സുരക്ഷാ അനുമതികളും ലഭിച്ചാൽ മാത്രമേ വിമാനം ഇനി വീണ്ടും സർവീസ് നടത്തുകയുള്ളൂ. ലാൻഡിങ്ങിനിടെ സംഭവിച്ച ഈ വീഴ്ചയെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവില്‍ ഏവിയേഷൻ (ഡി.ജി.സി.എ) ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.








