ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനിയെ ടെഹ്‌റാനിലെ ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് പുറത്തെടുത്തതെന്ന് വെളിപ്പെടുത്തൽ. മുൻപ് നടന്ന ആക്രമണത്തിൽ പരിക്കേറ്റതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതിന് ശേഷമാണ് അമേരിക്കയും ഇസ്രായേലും ടെഹ്‌റാനിലെ ആശുപത്രികൾക്ക് നേരെ ആക്രമണം നടത്തിയതെന്ന് ഇറാന്റെ അസംബ്ലി ഓഫ് എക്സ്പെർട്സ് അംഗമായ മൊഹ്സെൻ ഹൈദരി ഖത്തറി വാർത്താ ചാനലായ അൽ അറബിയോട് വ്യക്തമാക്കി. ആക്രമണത്തിൽ മൂന്ന് ആശുപത്രികൾ തകർക്കപ്പെട്ടതായും മൂന്നാമത്തെ ആശുപത്രിയുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബയെ രക്ഷപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്രമണത്തിന് ശേഷം 56 കാരനായ മൊജ്തബ ഖമേനിയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും അതിനുശേഷം ഇദ്ദേഹത്തെക്കുറിച്ച് വിവരമൊന്നുമില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാർച്ച് എട്ടിനാണ് മൊജ്തബയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്ന സമയത്തും ആക്രമണങ്ങൾ തുടരുകയായിരുന്നുവെന്നും അതിനിടയിലാണ് വോട്ടെടുപ്പ് പൂർത്തിയാക്കിയതെന്നും ഹൈദരി പറഞ്ഞു.
അതേസമയം മൊജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പരസ്പരവിരുദ്ധമായ വിവരങ്ങളാണ് പുറത്തുവരുന്നത്. മുൻ ആക്രമണങ്ങളിൽ ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും എന്നാൽ ജീവനോടെയുണ്ടെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചിരുന്നു. എന്നാൽ മുജ്തബ ഖമേനി പൂർണ്ണ ആരോഗ്യവാനാണെന്നാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ അവകാശപ്പെടുന്നത്. നേതാവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പുറത്തുവരാത്തത് അന്താരാഷ്ട്ര തലത്തിൽ വലിയ ഊഹാപോഹങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്.









