ഡൽഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയൻ (DUSU) തെരഞ്ഞെടുപ്പിലെ ദാരുണമായ തോൽവിയിൽ എൻ.എസ്.യു.ഐ നേതൃത്വത്തോട് വിശദീകരണം തേടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യുവാക്കളിലേക്ക് പ്രസ്ഥാനത്തെ തിരിച്ചെത്തിക്കാനുള്ള പാർട്ടി ശ്രമങ്ങൾക്ക് തിരിച്ചടിയായ പ്രകടനത്തെത്തുടർന്ന്, എൻ.എസ്.യു.ഐ ചുമതലയുള്ള കനയ്യ കുമാറിനെയും ദേശീയ പ്രസിഡന്റ് വിനോദ് ജാഖറിനെയും രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് വിളിപ്പിച്ചു. കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാലും യോഗത്തിൽ പങ്കെടുത്തു.
പ്രസിഡന്റ് സ്ഥാനത്ത് വിജയത്തോടടുത്തിട്ടും എന്തുകൊണ്ടാണ് ഇത്രയും വലിയ തിരിച്ചടിയുണ്ടായതെന്ന് രാഹുൽ ഗാന്ധി യോഗത്തിൽ ചോദ്യം ചെയ്തു. തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ്, സ്ഥാനാർത്ഥി നിർണ്ണയം, പ്രചാരണം എന്നിവയിൽ ഇരു നേതാക്കളുടെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകളിൽ അദ്ദേഹം കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും വിശദമായ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത കനയ്യ കുമാറിനോട്, പ്രതീക്ഷിച്ച ഫലം ലഭിക്കാത്തതിന്റെ കാരണം കെ. സി. വേണുഗോപാലും ആരായുകയുണ്ടായി. എൻ.എസ്.യു.ഐയുടെ മുൻ പ്രവർത്തകനും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വതന്ത്രനായി മത്സരിച്ച് വിജയിക്കുകയും ചെയ്ത ദീപാൻഷു ഷോക്കീന്റെ വിഷയം യോഗത്തിൽ പ്രധാന ചർച്ചയായി. 2023 മുതൽ ക്യാമ്പസ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന ദീപാൻഷുവിന് സീറ്റ് നിഷേധിച്ചതിനെക്കുറിച്ചും രാഹുൽ ഗാന്ധി ആരാഞ്ഞു. എന്നാൽ ദീപാൻഷു മുന്നോട്ടുവെച്ച നിബന്ധനകൾ അംഗീകരിക്കാൻ കഴിയാത്തതിനാലാണ് സീറ്റ് നൽകാതിരുന്നതെന്ന നേതാക്കളുടെ വിശദീകരണത്തിൽ രാഹുൽ സംതൃപ്തനായില്ല.
അതേസമയം, ദീപാൻഷുവിന് പ്രസിഡന്റ് സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അദ്ദേഹം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു എന്ന് കോൺഗ്രസ് നേതാവ് അമിതാഭ് ദുബേ എക്സിലൂടെ (X) അവകാശപ്പെട്ടു.നാല് അംഗ സെൻട്രൽ പാനലിൽ ഒരു സീറ്റിൽ പോലും ജയിക്കാൻ സാധിക്കാത്തത് കോൺഗ്രസ് നേതൃത്വത്തെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ബി.ജെ.പി അനുബന്ധ സംഘടനയായ എ.ബി.വി.പി പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങൾ നേടിയപ്പോൾ വൈസ് പ്രസിഡന്റ് സ്ഥാനം സ്വതന്ത്ര സ്ഥാനാർത്ഥിയായ ദീപാൻഷു ഷോക്കീൻ സ്വന്തമാക്കി. ‘ഛാത്രോം കി ഗൂഞ്ച്’ എന്ന പരിപാടിയിലൂടെ യുവവോട്ടർമാരെ ആകർഷിക്കാൻ രാഹുൽ ഗാന്ധി നേരിട്ട് രംഗത്തിറങ്ങിയ സമയത്തുണ്ടായ ഈ തിരിച്ചടി, താഴെത്തട്ടിൽ പാർട്ടിയുടെ സംഘടനാ ശേഷിയെക്കുറിച്ചുള്ള വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്.








