വെസ്റ്റിൻഡീസിനെതിരായ മത്സരത്തിന് ശേഷം സ്റ്റാർ സ്പോർട്സിനോട് സംസാരിക്കവെ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ ബാറ്റും പന്തും തമ്മിലുള്ള പോരാട്ടം കൂടുതൽ ശക്തമാകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. “ബാറ്റും പന്തും തമ്മിൽ കൂടുതൽ മത്സരമുണ്ടാകണം. ഇന്നത്തെ മത്സരം, അത് ആരാധകർക്കും ബ്രോഡ്കാസ്റ്റർമാർക്കും നല്ലതാണ്. എന്നാൽ ബൗളർമാരെക്കുറിച്ചും നമ്മൾ ചിന്തിക്കണം. അവർക്ക് കുറച്ച് പിന്തുണ നൽകേണ്ടതുണ്ട്,” ഗംഭീർ പറഞ്ഞു.
ബാറ്റർമാർക്ക് അനുകൂലമായ സാഹചര്യങ്ങൾ മാത്രം ഒരുക്കുന്നതിന് പകരം ബൗളർമാർക്കും മത്സരത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന തരത്തിലുള്ള പിച്ചുകളും സാഹചര്യങ്ങളും വേണമെന്നാണ് ഗംഭീറിന്റെ വാക്കുകളുടെ സാരം. ഇന്നലെ നടന്ന രണ്ടാം ഏകദിനത്തിൽ ഗുവാഹത്തിയിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ 8 വിക്കറ്റിന്റെ തകർപ്പൻ വിജയം സ്വന്തമാക്കി പരമ്പരയും 2-0ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 405 റൺസ് അടിച്ചുകൂട്ടി. ജോൺ കാംപ്ബെൽ 101, ഷായ് ഹോപ്പ് 102, അമീർ ജാംഗൂ 114 റൺസ് നേടി.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 43.3 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 406 റൺസ് നേടി ലക്ഷ്യം മറികടന്നു. ശുഭ്മൻ ഗിൽ ഏകദിനത്തിലെ തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനവുമായി 133 പന്തിൽ പുറത്താകാതെ 223 റൺസ് നേടി ചരിത്രം കുറിച്ചപ്പോൾ, മുൻ നായകൻ രോഹിത് ശർമ്മയും സെഞ്ചുറി പ്രകടനവുമായി തിളങ്ങി












