ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്‌ളൈ ദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ഭീകരാക്രമണ ശ്രമം ഇസ്രായേലി യാത്രക്കാരുടെയും പരിക്കേറ്റ ഇന്ത്യൻ ക്യാപ്റ്റന്റെയും ധീരതയാൽ ഒഴിവാക്കപ്പെട്ടു. മറ്റൊരു 9/11 മാതൃകയിലുള്ള വൻ ദുരന്തമാണ് ഒഴിവാക്കിയതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഇന്റലിജൻസ് വൃത്തങ്ങളും വ്യക്തമാക്കി. ഒമാൻ സ്വദേശിയായ കോ-പൈലറ്റ് ഇന്ത്യൻ ക്യാപ്റ്റൻ സ്മിത്ത് മച്ഛാറിനെ തലയിലും കൈകളിലും കുത്തിപ്പരിക്കേൽപ്പിച്ച ശേഷം വിമാനം തകർക്കാൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തെ തുടർന്ന് വിമാനം 17,000 അടിയോളം താഴേക്ക് പതിച്ചതോടെ രക്തത്തിൽ കുളിച്ച ക്യാപ്റ്റൻ പ്രാണവേദനയിൽ കോക്ക്പിറ്റ് വാതിൽ തുറന്ന് സഹായം അഭ്യർത്ഥിക്കുകയായിരുന്നു.
നിലവിളി കേട്ട് ഉടൻ തന്നെ വിമാനത്തിലുണ്ടായിരുന്ന ഇസ്രായേലി യാത്രക്കാർ കോക്ക്പിറ്റിലേക്ക് കുതിച്ചെത്തി. അക്രമിയായ സഹപൈലറ്റ് കൺട്രോൾ പാനലുകൾ അടിച്ചുതകർത്ത് വിമാനം പ്രവർത്തനരഹിതമാക്കാൻ ശ്രമിക്കുന്നതാണ് അവർ കണ്ടത്. കനേഡിയൻ വിമാനാപകട ഡോക്യുമെന്ററികൾ കണ്ടുള്ള പരിചയ സമ്പത്തുമായി ഇസ്രായേൽ പൗരനായ യാനിവ് ഹയുൻ എന്ന യാത്രക്കാരന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘം അക്രമിയെ കീഴ്‌പ്പെടുത്തി പുറത്തേക്ക് വലിച്ചിഴച്ചു. തുടർന്ന് യാനിവ് കൺട്രോൾ സ്റ്റിയറിംഗ് പിന്നിലേക്ക് വലിച്ച് ചരിഞ്ഞുപോയ വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുത്തു. 25 മിനിറ്റോളം നീണ്ട പരിശ്രമത്തിനൊടുവിൽ വയറുകൾ ഉപയോഗിച്ച് അക്രമിയെ ബന്ധിച്ചു. വിമാനത്തിലുണ്ടായിരുന്ന ഇസ്രായേലി ദന്തഡോക്ടർ ഡോ. ഷോത മുസായേവ് ഉടൻ തന്നെ പരിക്കേറ്റ ക്യാപ്റ്റൻ സ്മിത്തിന് പ്രാഥമിക ചികിത്സ നൽകി രക്തസ്രാവം നിയന്ത്രിച്ചു.
166 ഇസ്രായേലികളും എട്ട് മറ്റ് രാജ്യക്കാരും ഉൾപ്പെടെ 174 യാത്രക്കാരുണ്ടായിരുന്ന വിമാനം നാടകീയ സംഭവങ്ങൾക്കൊടുവിൽ സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. സൗദിയിൽ ആറ് മണിക്കൂർ തങ്ങിയ ശേഷം മൊസാദിന്റെ സുരക്ഷാ അനുമതി ലഭിച്ചതിനെ തുടർന്ന് ഫ്‌ളൈ ദുബായ് ഏർപ്പെടുത്തിയ മറ്റൊരു വിമാനത്തിലാണ് യാത്രക്കാരെ ടെൽ അവീവിൽ എത്തിച്ചത്. ടെൽ അവീവ് ബെൻ ഗുര്യോൺ വിമാനത്താവളത്തിലെത്തിയ യാത്രക്കാരെയും ധീരത കാട്ടിയ യാനിവ് ഹയുനെയും ഇസ്രായേൽ പ്രധാനമന്ത്രി നേരിട്ടെത്തി അഭിനന്ദിച്ചു. പരിക്കേറ്റ ഇന്ത്യൻ പൈലറ്റിനും ചില യാത്രക്കാർക്കും വിമാനത്താവളത്തിൽ അടിയന്തര വൈദ്യസഹായം ലഭ്യമാക്കി.








