പാകിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വ (KP) പ്രവിശ്യയിൽ അടിയന്തരാവസ്ഥയും ഗവർണർ ഭരണവും ഏർപ്പെടുത്തിയ ഫെഡറൽ സർക്കാർ നടപടിക്കെതിരെ ഭീകര സംഘടനയായ തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ (TTP) രംഗത്ത്. ഫീൽഡ് മാർഷൽ അസിം മുനീറിന്റെ നേതൃത്വത്തിലുള്ള സൈനിക മേധാവികൾ പ്രവിശ്യയിൽ ജനങ്ങളുടെ അഭിപ്രായത്തിന് എതിരായി അധികാരം പിടിച്ചെടുക്കാൻ നടത്തുന്ന നീക്കമാണിതെന്ന് ടിടിപി ആരോപിച്ചു. പ്രവിശ്യയിലെ ഭരണഘടന അവകാശങ്ങൾ അട്ടിമറിക്കുന്ന ഈ നടപടിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കണമെന്ന് ആവശ്യപ്പെട്ട് ടിടിപി വക്താവ് മുഹമ്മദ് ഖൊറാസാനിയാണ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്.
ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐയുടെ (PTI) നേതൃത്വത്തിലുള്ള പ്രവിശ്യാ സർക്കാരിനെ പുറത്താക്കിക്കൊണ്ട് ഒക്ടോബർ 11-നാണ് പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി ഖൈബർ പക്തൂൺഖ്വയിൽ അടിയന്തരാവസ്ഥയും ഗവർണർ ഭരണവും പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി സൊഹൈൽ അഫ്രീദിയെയും മന്ത്രിസഭയെയും നീക്കം ചെയ്തുകൊണ്ട് ഭരണപരമായ പൂർണ്ണ അധികാരം ഗവർണർ ഫൈസൽ കരീം കുണ്ടിക്ക് കൈമാറുകയും ചെയ്തിരുന്നു. പ്രവിശ്യയിലെ ഭീകരവാദത്തെ നേരിടാൻ പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് ഫെഡറൽ സർക്കാർ ഈ കടുത്ത നടപടി സ്വീകരിച്ചത്. എന്നാൽ സുരക്ഷാ ആശങ്കകളുടെ പേരിൽ സൈനികാധിപത്യം സ്ഥാപിക്കാനാണ് സൈന്യം ശ്രമിക്കുന്നതെന്ന് ടിടിപി ആരോപിക്കുന്നു.
പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ജനങ്ങളുടെ രാഷ്ട്രീയ അവകാശങ്ങളെ കാറ്റിൽപ്പറത്തുകയാണെന്നും, ഇതിനെതിരെ ശക്തമായ ചെറുത്തുനിൽപ്പുകൾ ഉണ്ടാകുമെന്നും ടിടിപി മുന്നറിയിപ്പ് നൽകി. പാകിസ്ഥാൻ സുരക്ഷാ സേനയ്ക്കും സൈന്യത്തിനുമെതിരെയുള്ള തങ്ങളുടെ സായുധ പോരാട്ടം കൂടുതൽ ശക്തമായി തുടരുമെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്. പ്രവിശ്യയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ചതിനെ തുടർന്ന് രാഷ്ട്രീയ സംഘർഷങ്ങളും പ്രതിഷേധങ്ങളും ആളിക്കത്തുമ്പോൾ, ടിടിപിയുടെ പുതിയ പ്രസ്താവന പാകിസ്ഥാൻ സർക്കാരിനെയും സൈന്യത്തെയും കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.












