ഗുവാഹത്തി: അസമിൽ സ്വാതന്ത്ര്യദിനത്തിൽ വൻ ബോംബ് സ്ഫോടനങ്ങൾ നടത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നിരോധിത ഭീകരസംഘടനയായ ഉൽഫ (ഐ) നിർണായക തലവൻ പരേശ് ബറുവ അടക്കം അഞ്ച് പ്രതികൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചു. 2024 ഓഗസ്റ്റ് 15-ന് ഗുവാഹത്തിയിലെ പാൻബസാർ മോത്തിലാൽ നെഹ്റു റോഡിൽ കണ്ടെത്തിയ ഐഇഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) സ്ഫോടകവസ്തു കേസിലാണ് എൻഐഎ നടപടി സ്വീകരിച്ചിരിക്കുന്നത്. ഗുവാഹത്തിയിലെ പ്രത്യേക എൻഐഎ കോടതിയിലാണ് ഏജൻസി കുറ്റപത്രം സമർപ്പിച്ചത്.
ഉൽഫ (ഐ) ചെയർമാനും സ്വയം പ്രഖ്യാപിത കമാൻഡർ ഇൻ ചീഫുമായ പരേശ് ബറുവയെ കൂടാതെ കനക് ചന്ദ്ര ഗൊഗോയ് (ഐഷെങ് അസം), ജാഹ്നു ബറുവ, ഭാർഗവ് ഗൊഗോയ്, സുമു ഗൊഗോയ് എന്നിവരാണ് കുറ്റപത്രത്തിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് പ്രതികൾ. പുതിയ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്-2023), ഭീകരവിരുദ്ധ നിയമമായ യുഎപിഎ (നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം-1967), സ്ഫോടകവസ്തു നിയമം (1908) എന്നിവയിലെ കടുത്ത വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2024 ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കിടെ ജനങ്ങളെ കൊന്നൊടുക്കാനും പൊതുമുതലുകൾ നശിപ്പിക്കാനും ലക്ഷ്യമിട്ട് അസാമിലെ വിവിധ കേന്ദ്രങ്ങളിൽ ബോംബ് സ്ഫോടനങ്ങൾക്ക് ഉൽഫ ഭീകരർ പദ്ധതിയിട്ടിരുന്നു. ഇതിന്റെ ഭാഗമായി പാൻബസാറിൽ സ്ഥാപിച്ച വൻ സ്ഫോടനശേഷിയുള്ള ഐഇഡി ബോംബ് സമയത്തിന് സുരക്ഷാസേന കണ്ടെത്തി നിർവീര്യമാക്കിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. ഭാരത സർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കുക, രാജ്യത്തിന്റെ പരമാധികാരവും ഐക്യവും തകർക്കുക, ജനങ്ങൾക്കിടയിൽ ഭീതി സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പ്രതികൾ ഗൂഢാലോചന നടത്തിയത് എന്ന് അന്വേഷണ സംഘം കണ്ടെത്തി.
2024 ഓഗസ്റ്റ് 16-ന് പാൻബസാർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്, വിപുലമായ ഭീകരബന്ധം കണക്കിലെടുത്ത് പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം 2025 ഫെബ്രുവരി 27-നാണ് എൻഐഎ ഏറ്റെടുത്തത്. മ്യാൻമർ അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഉൽഫ (ഐ) ഗ്രൂപ്പിന്റെ സാമ്പത്തിക-ആയുധ സ്രോതസ്സുകളെക്കുറിച്ചും അസമിലെ മറ്റ് നഗരങ്ങളിൽ സ്ഥാപിച്ചിരുന്നതായി സംശയിക്കുന്ന ബോംബുകളെക്കുറിച്ചും എൻഐഎ തുടർഅന്വേഷണം ഊർജിതമായി നടത്തിവരികയാണ്.











