കോഴിക്കോട് നിന്ന് കാണാതായ സ്കൂൾ അധ്യാപിക അനുമോളെയും സുഹൃത്ത് വടകര സ്വദേശി അബ്ദുൾ സമദിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി. പുതുശേരിയിലെ ഒരു വാടകവീട്ടിൽ ഇരുവരും ഒപ്പം താമസിച്ചുവരികയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തൊട്ടിൽപ്പാലം പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കാനിരിക്കെയാണ് വഴിതിരിവുണ്ടാക്കിയ നിർണായക കണ്ടെത്തൽ.
തൊട്ടിൽപ്പാലം കൂടൽ സ്വദേശിനിയായ അനുമോൾ മൊയിലോത്തറ സർക്കാർ എൽ.പി. സ്കൂളിലെ അധ്യാപികയാണ്. ഈ മാസം അഞ്ചിനാണ് സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങിയ ഇവരെ പിന്നീട് കാണാതാവുന്നത്. ബന്ധുവീടുകളിലും സുഹൃത്തുക്കൾക്കിടയിലും വ്യാപകമായി അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിവന്നിരുന്നത്. ഇതിനിടയിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന അബ്ദുൾ സമദിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ സൈബർ പരിശോധന ഇരുവരിലേക്കും പൊലീസിനെ എത്തിച്ചത്. പിടിയിലായ അബ്ദുൾ സമദ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരങ്ങൾ.
അതേസമയം, അനുമോളുടെ തിരോധാനത്തിന് പിന്നിലെ യാഥാർത്ഥ്യം അറിയു ഞെട്ടലിലാണ് നാടും കുടുംബവും. ഗുരുതരമായ കരൾരോഗം ബാധിച്ച് മരണത്തിന്റെ വക്കിലായിരുന്ന അനുമോൾക്ക് പത്ത് വർഷം മുമ്പ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഭർത്താവ് സ്വന്തം കരളിൽ നിന്ന് ഒരു ഭാഗം പകുത്തുനൽകിയാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അന്നത്തെ ഈ സ്നേഹകഥയറിഞ്ഞ് കേരളത്തിനകത്തും പുറത്തുനിന്നും വിദേശ രാജ്യങ്ങളിൽ നിന്നും നിരവധി പേരാണ് അനുമോളുടെ ചികിത്സയ്ക്കായി സാമ്പത്തിക സഹായവുമായി മുന്നോട്ടുവന്നത്. കഷ്ടകാലത്ത് ജീവൻ നൽകിയ ഭർത്താവിനെയും കുടുംബത്തെയും ഉപേക്ഷിച്ച് ക്രിമിനൽ പശ്ചാത്തലമുള്ള സുഹൃത്തിനൊപ്പം അധ്യാപിക ഒളിവില് പോയത് വലിയ ചര്ച്ചയായിരിക്കുകയാണ്. കണ്ണന്റെയും ഏലമ്മയുടെയും ഏക മകളാണ് അനുമോൾ. കസ്റ്റഡിയിലെടുത്ത ഇരുവരേയും കോടതിയിൽ ഹാജരാക്കുന്നതടക്കമുള്ള തുടർനടപടികളിലേക്ക് പൊലീസ് കടന്നിട്ടുണ്ട്.












