നവരാത്രി, ദാണ്ഡിയ ആഘോഷങ്ങൾക്ക് ശേഷം ഓൺലൈനായി വാങ്ങിയ വസ്ത്രങ്ങൾ വൻതോതിൽ തിരികെ നൽകുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒട്ടേറെ ഇ-കോമേഴ്സ് പാക്കറ്റുകൾ തിരികെ അയക്കാനായി അപാർട്ട്മെന്റ് സമുച്ചയങ്ങളിൽ കുന്നുകൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങളാണ് ജനങ്ങളിൽ വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. ആഘോഷങ്ങളിൽ ധരിക്കാൻ മാത്രം വസ്ത്രങ്ങൾ വാങ്ങുകയും പരിപാടികൾ കഴിഞ്ഞ ഉടൻ അവ കമ്പനികൾക്ക് തിരികെ നൽകുകയും ചെയ്യുന്ന പുതിയ പ്രവണതയെയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.
നിശാന്ത് ചന്ത് എന്ന എക്സ് ഉപയോക്താവ് പങ്കുവെച്ച വീഡിയോയിൽ, പാർസലുകൾ അടങ്ങിയ നിരവധി ബാഗുകളും ചാക്കുകളും താമസസ്ഥലങ്ങളിൽ നിന്ന് ശേഖരിക്കുന്നത് വ്യക്തമായി കാണാം. ദാണ്ഡിയ ആഘോഷങ്ങൾ അവസാനിച്ചതോടെ വസ്ത്രങ്ങൾ തിരികെ നൽകുന്ന തലമുറയോട് ലജ്ജ തോന്നുന്നുവെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആഘോഷങ്ങൾക്കായി വസ്ത്രങ്ങൾ വാങ്ങി ഉപയോഗിച്ച ശേഷം തിരികെ അയക്കുന്ന ഇത്തരം രീതികൾ ഓൺലൈൻ കച്ചവടക്കാർക്ക് വലിയ സാമ്പത്തിക നഷ്ടവും ബുദ്ധിമുട്ടുമാണ് ഉണ്ടാക്കുന്നതെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ വിമർശിക്കുന്നു. ചെറുകിട കച്ചവടക്കാരെ ദുരിതത്തിലാക്കുന്ന ഇത്തരം പ്രവണതകൾ തടയാൻ റിട്ടേൺ കാലാവധി 24 മണിക്കൂറായി ചുരുക്കണമെന്നും ജനങ്ങളിൽ ഉത്തരവാദിത്തബോധം ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.









