ലണ്ടനിലെ പാർലമെന്റ് സ്ക്വയറിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ പാകിസ്ഥാന്റെയും പാക് അധീന കശ്മീരിന്റെയും (പി.ഓ.കെ) പതാകകൾ ഉപയോഗിച്ചതിനെതിരെ കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു രൂക്ഷവിമർശനം ഉന്നയിച്ചു. ഇന്ത്യക്കെതിരായ ശക്തികളുടെ ഇത്തരത്തിലുള്ള കൂട്ടായ്മകൾക്ക് രാജ്യത്തെ ഭയപ്പെടുത്താനോ തകർക്കാനോ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒക്ടോബർ 19 തിങ്കളാഴ്ച എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് റിജിജു കടുത്ത വിമർശനം ഉന്നയിച്ചത്.
ലണ്ടനിലെ വിദേശ വിരുദ്ധ സംഘങ്ങളുടെ ഇത്തരം സമ്മേളനങ്ങൾ കൊണ്ട് രാജ്യസ്നേഹികളായ ഇന്ത്യൻ ജനതയെ ഭയപ്പെടുത്താമെന്ന് ചിലർ കരുതുന്നുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യ ഒരിക്കലും ആരുടെയും മുന്നിൽ തലകുനിക്കില്ലെന്നും ഭാരതത്തെ തകർക്കാൻ ഇത്തരം രാജ്യവിരുദ്ധ ശക്തികൾക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ജനാധിപത്യപരമായ തെരഞ്ഞെടുപ്പുകളിലൂടെ മാത്രമാണ് ഭരണമാറ്റം സാധ്യമാകൂ എന്നും, തെരുവ് പ്രക്ഷോഭങ്ങളിലൂടെ രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ വിജയിക്കില്ലെന്നും റിജിജു വ്യക്തമാക്കി.
ലണ്ടനിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള രാഷ്ട്രീയ പോര് കൂടുതൽ കടുത്തിട്ടുണ്ട്. പ്രതിഷേധ പ്രകടനത്തിൽ പാകിസ്താന്റെയും ബംഗ്ലാദേശിയും പതാകകൾ കോൺഗ്രസ് പതാകക്കൊപ്പം പ്രദർശിപ്പിച്ചതും വിവാദം ആയിട്ടുണ്ട്. ദേശവിരുദ്ധ ശക്തികളുമായി കൈകോർത്ത് കോൺഗ്രസ് നടത്തുന്ന നീക്കങ്ങൾക്കെതിരെ വലിയ രോഷമാണ് ഭരണപക്ഷ നേതാക്കൾ ഉയർത്തുന്നത്.










