ഡൽഹി ജന്തർമന്ദറിൽ അനുമതിയില്ലാതെ പ്രതിഷേധ പ്രകടനം നടത്തുകയും ദേശീയപതാക ഉയർത്തുകയും ചെയ്ത കേസിൽ അറസ്റ്റിലായ സി.ജെ.പി (കോക്രോച്ച് ജനതാ പാർട്ടി) നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി ഡൽഹി പ്രത്യേക എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് (എസ്.ഇ.എം) കോടതി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. തിങ്കളാഴ്ച അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഇരു നേതാക്കളെയും കോടതിയിൽ ഹാജരാക്കിയത്.
വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തിനെതിരെയും (എസ്.ഐ.ആർ) മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെയും ജന്തർമന്ദറിലേക്ക് അതിക്രമിച്ചു കയറി പ്രതിഷേധിച്ചതിനാണ് ഡൽഹി പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവർ പുറത്തിറങ്ങിയാൽ പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാട്ടിയാണ് പൊലീസ് കൂടുതൽ ദിവസത്തെ കസ്റ്റഡി അപേക്ഷ സമർപ്പിച്ചത്. പ്രതിഭാഗം അഭിഭാഷകർ ജാമ്യത്തിനായി ശക്തമായ വാദങ്ങൾ ഉന്നയിക്കുകയും ആവശ്യമായ ജാമ്യപത്രങ്ങൾ ഹാജരാക്കുകയും ചെയ്തെങ്കിലും കോടതി കസ്റ്റഡി നീട്ടി നൽകാൻ ഉത്തരവിടുകയായിരുന്നു.
അതേസമയം, കോടതിവിധിക്കെതിരെ സി.ജെ.പി ലീഗൽ സംഘവും മുതിർന്ന നേതാക്കളും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. നടപടിക്രമങ്ങൾ വൈകിപ്പിച്ച് നേതാക്കളെ ജയിലിൽ അടയ്ക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും, ഈ നീതികേടിനെതിരെ നിയമപോരാട്ടം തുടരുമെന്നും സി.ജെ.പി ലീഗൽ മേധാവി രത്ന സിംഗ് പ്രതികരിച്ചു. ജനാധിപത്യപരമായ പ്രതിഷേധ ശബ്ദങ്ങളെ അടിച്ചമർത്താനാണ് ഡൽഹി പൊലീസും ഭരണകൂടവും ശ്രമിക്കുന്നതെന്ന് പാർട്ടി വക്താക്കളും ആരോപിച്ചു.










