മലേഷ്യയിൽ ഒക്ടോബർ 4 മുതൽ 12 വരെ നടന്ന പ്രഥമ കോമൺവെൽത്ത് സ്കൂൾസ് ചെസ് ചാമ്പ്യൻഷിപ്പ് 2026-ൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് കണ്ണൂരിന്റെ കൊച്ചുചെസ് താരം ആരാധ്യ കൊമ്മേരി രജനീഷ്. അണ്ടർ-7 ഗേൾസ് വിഭാഗത്തിൽ മത്സരിച്ച ആരാധ്യ ആറ് മെഡലുകളും രണ്ട് ട്രോഫികളും സ്വന്തമാക്കിയാണ് നാളെ നാട്ടിലേക്ക് മടങ്ങുന്നത്.
റാപ്പിഡ്, ബ്ലിറ്റ്സ്, സ്റ്റാൻഡേർഡ് എന്നീ മൂന്ന് ഇനങ്ങളിലും വ്യക്തിഗത നേട്ടം കൈവരിച്ചതാണ് ആരാധ്യയുടെ പ്രകടനത്തിലെ ഏറ്റവും വലിയ പ്രത്യേകത. മൂന്ന് ഇനങ്ങളിലും സമ്മാനം നേടിയ അണ്ടർ-7 പെൺകുട്ടി എന്ന അപൂർവ നേട്ടവും ആരാധ്യ സ്വന്തമാക്കി.
റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത ചാമ്പ്യൻപട്ടവും ടീം ചാമ്പ്യൻഷിപ്പ് സ്വർണമെഡലും ആരാധ്യ നേടി. ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിലും വ്യക്തിഗത ചാമ്പ്യൻപട്ടവും ടീം സ്വർണമെഡലും സ്വന്തമാക്കി. അണ്ടർ-7 ഗേൾസ് സ്റ്റാൻഡേർഡ് ചെസ് ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത വിഭാഗത്തിൽ വെങ്കല മെഡലും ടീം വിഭാഗത്തിൽ സ്വർണമെഡലും നേടി മികവ് തെളിയിച്ചു.
ഇതോടെ മൂന്ന് വ്യത്യസ്ത ഇനങ്ങളിലായി വ്യക്തിഗത ചാമ്പ്യൻഷിപ്പുകളും മെഡലുകളും ഉൾപ്പെടെ ആറ് മെഡലുകൾ ആരാധ്യയുടെ നേട്ടങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു. രണ്ട് ട്രോഫികളും ഈ വിജയത്തിന് മാറ്റുകൂട്ടി.
ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി സ്വന്തമാക്കിയതും ആരാധ്യയ്ക്ക് ഇരട്ടി അഭിമാനമായി. ഇന്ത്യയുടെ ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫിക്കൊപ്പം ഫോട്ടോ എടുക്കാൻ കഴിഞ്ഞത് തന്റെ ചെറുപ്രായത്തിലെ അന്താരാഷ്ട്ര ചെസ് യാത്രയിലെ മറക്കാനാവാത്ത നിമിഷമായി.
ചെറുപ്രായത്തിൽ തന്നെ അന്താരാഷ്ട്ര വേദിയിൽ മികവ് തെളിയിച്ച ആരാധ്യയുടെ നേട്ടം കണ്ണൂരിനും കേരളത്തിനും അഭിമാനമാണ്. കഠിനാധ്വാനവും ആത്മവിശ്വാസവും പോരാട്ടവീര്യവും കൈമുതലാക്കി മുന്നേറുന്ന ഈ കൊച്ചുമിടുക്കിക്ക് ഒരായിരം അഭിനന്ദനം.
ആരാധ്യയുടെ വിജയത്തിന് പിന്നിൽ മാതാപിതാക്കളുടെ പിന്തുണയും പരിശീലകരുടെ മാർഗനിർദേശവും വലിയ കരുത്തായി. സഹോദരൻ ആദേഷാണ് ആരാധ്യയുടെ ചെസ് യാത്രയിലെ ആദ്യ പ്രചോദനം. സഹോദരന്റെ കളി കണ്ടാണ് ചെസ്സിനോട് ഇഷ്ടം തോന്നിയത്. ഇന്ന് പരസ്പരം പ്രോത്സാഹിപ്പിച്ച് ചെസ് ലോകത്ത് മുന്നേറുന്ന ഈ സഹോദരങ്ങൾ കുടുംബത്തിനും നാടിനും അഭിമാനമാണ്.











