സി.എം.ആർ.എൽ-എക്സാലോജിക് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരായ അന്വേഷണം മരവിപ്പിച്ച സുപ്രീംകോടതി ഉത്തരവിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രംഗത്ത്. സർക്കാർ സ്വീകരിച്ചതാണ് ശരിയായ നിലപാടെന്ന് ഇതിലൂടെ തെളിഞ്ഞതായി കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. ചാടിക്കയറി നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ തനിക്ക് തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയവും സർക്കാർ നടപടികളും തികച്ചും വ്യത്യസ്തമാണെന്ന് വ്യക്തമാക്കിയ മുരളീധരൻ, പ്രഥമദൃഷ്ട്യാ അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയാൽ മാത്രമേ ഇത്തരം കേസുകളുമായി മുന്നോട്ടുപോകാൻ കഴിയൂ എന്നും ചൂണ്ടിക്കാണിച്ചു. ഹൈക്കോടതി നിർദ്ദേശിച്ചതുകൊണ്ടാണ് ഈ കേസിൽ ഇപ്പോൾ കേസെടുക്കേണ്ടി വന്നതെന്നും, ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) ആവശ്യപ്പെട്ട ഉടൻ ചാടിക്കയറി നിലപാട് സ്വീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരുടെ പരാതി ലഭിച്ചാലും വിജിലൻസിന് അന്വേഷിക്കേണ്ടി വരും, അതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി കേസെടുക്കാൻ നിർദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ കേസിൽ ഇനി സുപ്രീംകോടതി എന്ത് നിർദ്ദേശമാണോ നൽകുന്നത്, അതിനനുസരിച്ചായിരിക്കും തുടർനടപടികളെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.









