സഞ്ജു സാംസണിന്റെ ബാറ്റിംഗിലെ സ്ഥിരതയില്ലായ്മയെ വിമർശിച്ചും അദ്ദേഹത്തിന്റെ പി.ആർ (PR) ടീമിനെതിരെ പ്രതികരിച്ചും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമച്ചാരി ശ്രീകാന്ത്. ടി20 ലോകകപ്പിൽ തെളിയിച്ചതുപോലെ സഞ്ജു മികച്ചൊരു മാച്ച് വിന്നറാണെന്നതിൽ സംശയമില്ലെന്നും, എന്നാൽ കളിയിലെ സ്ഥിരതയില്ലായ്മ അദ്ദേഹത്തിന് വലിയ വെല്ലുവിളിയാണെന്നും ശ്രീകാന്ത് അഭിപ്രായപ്പെട്ടു.
ഫോമിലുള്ളപ്പോൾ കാണാൻ മനോഹരമായ ബാറ്റിംഗ് കാഴ്ചവെക്കുന്ന സഞ്ജു, പലപ്പോഴും പത്തിൽ താഴെ റൺസിന് പുറത്താകാൻ പുതിയ വഴികൾ കണ്ടെത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ടി20 ലോകകപ്പിന് ശേഷം വളരെ കുറഞ്ഞ സ്കോറുകളാണ് സഞ്ജുവിൽ നിന്ന് ഉണ്ടായിട്ടുള്ളതെന്നും, അദ്ദേഹത്തിനെതിരെ വിമർശനങ്ങൾ ഉയരുമ്പോഴേക്കും സഞ്ജുവിന്റെ പി.ആർ ടീം ഉടനടി സജീവമാകുന്നത് പതിവാണെന്നും ശ്രീകാന്ത് തുറന്നടിച്ചു.
യുവ താരം വൈഭവ് സൂര്യവംശിയുടെ അവസരം തടയുകയാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അതിരുകടന്നതാണെന്നും മുൻ താരം കൂട്ടിച്ചേർത്തു. സഞ്ജുവിനും വൈഭവിനും ടീം മാനേജ്‌മെന്റ് തുല്യ അവസരങ്ങൾ നൽകേണ്ടതായിരുന്നുവെന്നും, അങ്ങനെ ചെയ്തിരുന്നെങ്കിൽ ഇരു താരങ്ങളുടെയും പ്രകടനത്തെക്കുറിച്ച് കൂടുതൽ വ്യക്തമായ ചിത്രം ലഭിക്കുമായിരുന്നുവെന്നും കൃഷ്ണമച്ചാരി ശ്രീകാന്ത് നിരീക്ഷിച്ചു.












