ന്യൂഡൽഹിയിലെ ലുട്യൻസ് മേഖലയിലുള്ള ചരിത്രപ്രസിദ്ധമായ റെയ്സ് കോഴ്സ് മസ്ജിദിൽ പ്രാർത്ഥനയ്ക്കായി വിശ്വാസികൾക്ക് പ്രവേശനം നൽകാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു. പള്ളിയുടെ സമീപപ്രദേശങ്ങളിൽ പൊളിക്കൽ നടപടികൾ പുരോഗമിക്കുന്നതിനാൽ സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അനീഷ് ദയാലിന്റെ ഉത്തരവ്. നിർമ്മാണ സ്ഥലത്ത് ആർക്കെങ്കിലും പരിക്കേറ്റാൽ ആര് നഷ്ടപരിഹാരം നൽകുമെന്നും കോടതി ചോദിച്ചു. അതേസമയം പള്ളിക്കെതിരെ നിലവിൽ കടുത്ത നടപടികളൊന്നും സ്വീകരിക്കില്ലെന്ന് കേന്ദ്ര സർക്കാർ കോടതിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
പൊതു ആവശ്യങ്ങൾക്കായി കേന്ദ്ര സർക്കാർ ഏറ്റെടുത്ത ജയ്പൂർ പോളോ ഗ്രൗണ്ട് ഭൂമിയിലാണ് 1977 മുതൽ വഖഫ് വസ്തുവായി രജിസ്റ്റർ ചെയ്ത ഈ പള്ളി സ്ഥിതി ചെയ്യുന്നത്. പൊതുജന സുരക്ഷയുടെ ഭാഗമായി പള്ളിയിലേക്കുള്ള വൈദ്യുതിയും കുടിവെള്ള വിതരണവും അധികൃതർ നേരത്തെ വിച്ഛേദിച്ചിരുന്നു. പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ക്ഷേത്രത്തിലേക്കും നിലവിൽ ഭക്തർക്ക് പ്രവേശനം നൽകുന്നില്ലെന്ന് കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. സുരക്ഷ കണക്കിലെടുത്ത് തൽക്കാലം പ്രവേശനാനുമതി നൽകാൻ നിർബന്ധിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി വിഷയം നാലാഴ്ചയ്ക്കകം തീരുമാനിക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകി.
ഗ്രേഡ് 2 പൈതൃക പട്ടികയിലുള്ള ഈ പള്ളിയിൽ പ്രാർത്ഥന തടഞ്ഞത് ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്ന് ഹർജിക്കാരനായ സയ്യിദ് അഹമ്മദ് സൗദ് വാദിച്ചു. പൈതൃക സംരക്ഷണ സമിതിയുടെ അനുമതിയില്ലാതെ കെട്ടിടത്തിന് മാറ്റങ്ങൾ വരുത്തരുതെന്നും പള്ളി സംരക്ഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഡൽഹി വഖഫ് ബോർഡിന്റെ നിവേദനത്തിൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കുന്നത് വരെ നിർബന്ധിത പൊളിക്കലുകൾ ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. കേസിൽ കൂടുതൽ വാദം കേൾക്കുന്നതിനായി ഹൈക്കോടതി ഡിസംബർ 16-ലേക്ക് മാറ്റി.








