കൊച്ചി: പൊലീസ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയ നടപടിക്കെതിരെ ഡിജിപി ടി.പി. സെന്‍കുമാര്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ നല്കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം, ജിഷാ വധക്കേസ് എന്നീ സംഭവങ്ങളില്‍ പൊലീസിനെ ന്യായീകരിച്ച സെന്‍കുമാറിന്റെ നടപടി ജനങ്ങളില്‍ അവമതിപ്പുണ്ടാക്കിയെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
ഇന്ന് രാവിലെ കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കിയിരുന്നില്ല. തന്റെ സീനിയോറിറ്റി മറികടന്നാണ് ലോക്നാഥ് ബെഹ്റയെ പൊലീസ് മേധാവിയാക്കിയതെന്ന സെന്‍കുമാറിന്റെ ആക്ഷേപത്തിനും സര്‍ക്കാര്‍ മറുപടി നല്കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സെന്‍കുമാറിനെ പൊലീസ് മേധാവിയാക്കിയത് മറ്റൊരാളുടെ സീനിയോറിറ്റി മറികടന്നായിരുന്നുവെന്നും വിശദീകരിക്കുന്നു. കേസ് അടുത്തമാസം ഒന്നിന് പരിഗണിക്കും.
അതേ സമയം ഹര്‍ജിയില്‍ സെന്‍കുമാര്‍ ഉന്നയിച്ച വാദങ്ങളെ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന് പിന്തുണച്ചു. സ്ഥാനമാറ്റത്തില്‍ പോലിസ് ചട്ടത്തിന്റെയും, സുപ്രിംകോടതി നിര്‍ദ്ദേശത്തിന്റെയും ലംഘനമുണ്ട് എന്നാണ് സെന്‍കുമാര്‍ വാദം. ഒരു ഉദ്യോഗസ്ഥനെ രണ്ടു വര്‍ഷമെങ്കിലും പൊലീസ് മേധാവി തലപ്പത്ത് തുടരാന്‍ അനുവദിക്കണമെന്നാണ് ചട്ടമെന്നും കേന്ദ്രം ബോധിപ്പിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ടാഴ്ചയ്ക്കുള്ളില്‍ പോലിസ് തലപ്പത്ത് നിന്ന് സെന്‍കുമാറിനെ മാറ്റി ലോക്നാഥ് ബെഹ്റയെ നിയമിച്ചത് വിവാദമായിരുന്നു.
Discussion about this post