കൊച്ചി: മലയാളികള്‍ ഐഎസില്‍ ചേര്‍ന്നെന്ന കേസില്‍ കാസര്‍ഗോഡ് സ്വദേശി അഷ്ഫാഖ് വിദേശത്തേക്ക് പോയതും പിടിയിലായ ആര്‍ശി ഖുറേഷി വഴിയെന്ന് പോലീസ്. അഷ്ഫാഖും ഖുറേഷിയും തമ്മിലുള്ള ടെലിഫോണ്‍ വിളികളുടെ രേഖകള്‍ പോലീസിന് ലഭിച്ചു.
താന്‍ ഐഎസില്‍ ചേരുന്നുവെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള സന്ദേശം അഷ്ഫാഖ് സഹോദരന് അയച്ചിരുന്നു. കാണായാത 21 പേരും ഒരുമിച്ചാണ് വിദേശത്തേക്ക് കടന്നതെന്നാണ് സൂചന. കൊച്ചി തമ്മനം സ്വദേശി മെറിന് ജേക്കബും സംഘത്തിലുണ്ടെന്നാണ് നിഗമനം.
കേരളത്തില്‍ നിന്ന് നാട് വിട്ട ചിലരുടെ ഐഎസ് ബന്ധം സ്ഥിരീകരിച്ച് പോലിസ് അന്വേഷണ സംഘം ഇന്നലെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്ത സാക്കീര്‍ നായികിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് പിആര്‍ഒ ആര്‍ഷി ഖുറൈഷിയേയും കൂട്ടാളി റിസ്വാന് ഖാനെയും ചോദ്യം ചെയ്തതില്‍ നിന്നാണ് ഐഎസ് ബന്ധം സ്ഥിരീകരിച്ചത്.
നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എറണാകുളം സ്വദേശിയായ മെറിനെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തു. മെറിന്റെ സഹോദരന് എബിനെയും മതം മാറ്റി ഐഎസില്‍ ചേര്‍ക്കാന്‍ ശ്രമിച്ചു. മതപരിവര്‍ത്തനം നടത്തിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മെറിന്റെ ഭര്‍ത്താവ് യഹിയയും പ്രതികളും ചേര്‍ന്നാണ് മെറിനെ മതം മാറ്റി ഐഎസിലേക്ക് റിക്രൂട്ട് ചെയ്തത്. അന്വേഷണ സംഘം കൂടുതല്‍ അന്വേഷണത്തിനായി ഇരുവരെയും കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് രണ്ടാഴ്ചത്തേക്ക് കോടതി രണ്ട് പേരെയും പോലിസ് കസ്റ്റഡിയില്‍ വിട്ടു.
മെറിന് ജേക്കബിന്റെ സഹോദരന് എബിന് നല്കിയ പരാതിയിലാണ് പാലാരിവട്ടം പോലീസ് ആര്‍ഷി ഖുറേഷിയെയും റിസ് വാന്‍ ഖാനെയും മുംബൈയില്‍ നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
Discussion about this post