തിരുവനന്തപുരം: തണ്ടര്‍ ബോള്‍ട്ട് കമാന്‍ഡോ നിയമനം വൈകുന്നതിന്റെ പേരില്‍ തിരുവനന്തപുരത്ത് ഉദ്യോഗാര്‍ഥികള്‍ നടത്തിയ സമരം അവസാനിച്ചു. പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന സര്‍ക്കാരിന്റെ ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
ഇന്നലെ രാവിലെയാണ് ഉദ്യോഗാര്‍ഥികള്‍ സമരം ആരംഭിച്ചത്. സെക്രട്ടേറിയറ്റിന് മുന്നിലുള്ള ബഹുനിലക്കെട്ടിടത്തിന് മുകളില്‍ കയറി ഉദ്യോഗാര്‍ഥികള്‍ രണ്ടാംദിവസവും സമരം തുടരുകയായിരുന്നു. ആത്മഹത്യാ ഭീഷണി മുഴക്കിക്കൊണ്ടാണ് അഞ്ച് യുവാക്കളാണ് ഇന്ന് കെട്ടിടത്തിന് മുകളില്‍ കയറിയത്.
ഇന്ത്യന്‍ റിസര്‍വ് ബെറ്റാലിയന് തണ്ടര്‍ ബോള്‍ട്ട് റാങ്ക്ലിസ്റ്റില് ഉള്‍പ്പെട്ടവരാണ് സമരം നടത്തിയത്. റാങ്ക്ലിസ്റ്റില് ഉള്‍പ്പെട്ടിട്ട് ആറ് വര്‍ഷം കഴിഞ്ഞിട്ടും നിയമനം ലഭിച്ചില്ലെന്ന് യുവാക്കള്‍ ആരോപിക്കുന്നു. ഉദ്യോഗാര്‍ഥികളുടെ പ്രതിനിധികള്‍ അധികൃതരുമായി തിങ്കളാഴ്ച പലതവണ ചര്‍ച്ച നടത്തിയെങ്കിലും സമരം അവസാനിപ്പിക്കാന്‍ യുവാക്കള്‍ തയ്യായിരുന്നില്ല.
സംസ്ഥാന സര്‍ക്കാരില്‍നിന്ന് ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു യുവാക്കള്‍. എന്നാല്‍ പ്രശ്നപരിഹാരം ഉറപ്പു നല്‍കിയതോടെ ഇവര്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ഇറങ്ങാന്‍ തയ്യാറാവുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്, ഡി.ജി.പി ലോക്നാഥ് ബഹ്റ, ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ എന്നിവരുമായി ഉദ്യോഗാര്‍ഥികളുടെ പ്രതിനിധികള്‍ തിങ്കളാഴ്ച ചര്‍ച്ച നടത്തിയിരുന്നു.
Discussion about this post