ഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ കര്‍തര്‍ സിംഗ് തന്വാറുടെ വസതിയില്‍ ആദായ നികുതി വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പെടാത്ത 130 കോടി രൂപയുടെ വരുമാനവും നിക്ഷേപവും സംബന്ധിച്ച രേഖകള്‍ പിടികൂടി. കര്‍തര്‍ സിംഗിന്റെയും സഹോദരന്റെയും പക്കല്‍ നിന്ന് ഒരു കോടി രൂപയുടെ കറന്‍സിയും സ്വര്‍ണവും പിടിച്ചെടുത്തു. ചൊവ്വാഴ്ച രാവിലെ മുതലാണ് ഇയാളുടെയും സഹോദരന്റെയും വസതികളില്‍ റെയ്ഡ് നടന്നത്. കര്‍തര്‍ സിംഗിനെ അധികൃതര്‍ ചോദ്യം ചെയ്തുവരികയാണ്.
അതേസമയം, തനിക്കെതിരെ ബി.ജെ.പി നടത്തുന്ന വൃത്തികെട്ട രാഷ്ട്രീയ കളിയാണിതെന്ന് കര്‍തര്‍ ആരോപിച്ചു. മുന്‍പ് ബി.ജെ.പി നേതാവായിരുന്ന കര്‍തര്‍ 2014ലാണ് എഎപിയില്‍ ചേര്‍ന്നത്.
ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത രേഖകളില്‍ അടുത്ത കാലത്ത് ഛത്തര്‍പുരിലും ഘിത്രോണിയിലും ഫാം ഹൗസുകള്‍ വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കര്‍തര്‍ സ്റ്റാമ്പ് ഡ്യൂട്ടിയോ രജിസ്ട്രേഷന് ഫീസോ അടച്ചിട്ടില്ലെന്ന് ആദായ നികുതി അധികൃതര്‍ പറഞ്ഞു. സര്‍ക്കാരിന് കോടികളുടെ നഷ്ടമാണ് എം.എല്‍.എ വരുത്തിവച്ചത്.
തന്റെ നിയന്ത്രണത്തിലുള്ള കമ്പനികളുടെ പേരില്‍ വായ്പകള്‍ അനുവദിച്ചതായും കണ്ടെത്തി. 35 ഓളം കമ്പനികളുമായി കര്തറിന് ബന്ധമുണ്ടെന്നാണ് പ്രാഥമിക വിവരം. കൂടാതെ ബിനാമി പേരുകളിലും സ്വത്ത് സമ്പാദിച്ചു. ഇവയുടെ മൂല്യംനിര്ണയിച്ചു വരുന്നതേയള്ളൂ.
Discussion about this post