റിയോയില്‍ തിളങ്ങിയ ദീപ കര്‍മാക്കര്‍ക്ക് അഭിനന്ദനവുമായി മഞ്ജു വാര്യര്‍. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ദീപയോടുള്ള ആരാധന മഞ്ജു തുറന്നു പറഞ്ഞത്. മഞ്ജു വാര്യരുടെ കുറിപ്പ് ഇങ്ങനെ,
‘ഒന്നിനെക്കാള്‍ വലുതാണ് നാല് എന്ന് നാം തിരിച്ചറിഞ്ഞ ദിവസം കൂടിയാണിന്ന്. ജീവനേക്കാള്‍ വലുതാണ് ഇന്ത്യയെന്ന വികാരമെന്ന് തെളിയിച്ച് ദീപ കര്‍മാക്കര്‍ വായുവില്‍ മഴവില്ലു പോലെ വളഞ്ഞിറങ്ങിയപ്പോള്‍ 133 കോടി ജനങ്ങളുടെ അഭിമാനത്തില്‍ മൂവര്‍ണ്ണം പുരളുന്നു. 69 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു അര്‍ധരാത്രിയെ ഓര്‍മിപ്പിച്ചു കൊണ്ട് ഭാരതം അഭിമാനപൂര്‍വ്വം ശിരസ്സുയര്‍ത്തുന്നു. അവിസ്മരണീയമായ സ്വാതന്ത്ര്യരാവ്.
രാജ്യത്തിന്റെ ഒരു മുനമ്പു പോലുള്ള ത്രിപുരയില്‍ ജനിച്ച ദീപ മൃതിയേക്കാള്‍ ഭയക്കുന്നത് ഒരു പക്ഷേ തോല്വിയേയാകാം. ആ മത്സരവീര്യവും നിശ്ചയദാര്‍ഢ്യവുമാണ് അപകടകരമായ പ്രൊഡുനോവ എന്ന ജിംനാസ്റ്റിക് ഉനം ഷഅവതരിപ്പിക്കാന് അവളെ പ്രേരിപ്പിക്കുന്നതും. നഷ്ടപ്പെടുവാനില്ലൊന്നും എന്റെ ജീവനല്ലാതെ എന്നു പറഞ്ഞു കൊണ്ടാണ് ദീപ റിയോയുടെ ആകാശത്ത് രണ്ടു വട്ടം കരണം മറിഞ്ഞത്. ജീവിതത്തിന്റെ മല മടക്കുകള്‍ താണ്ടി എത്തിയ ഒരാള്‍ക്ക് കൊടുമുടികള്‍ വെറും നിസ്സാരം. അതിനുമപ്പുറമാണ് അവള് തേടിയതും നേടിയതും. മെയ്യഭ്യാസത്തിലെ രാജ്യത്തിന്റെ ആദ്യ ഒളിംപിക്സ് പ്രകടനത്തിനപ്പുറം വെറും 23 വയസ്സുള്ള ഒരു പെണ്‍കുട്ടി നമുക്ക് തന്നത് നൂറിരട്ടി സ്വര്‍ണ്ണ തിളക്കമുള്ള മറ്റൊന്നാണ്. നിര്‍ഭയയായ ഒരുവള്‍ക്ക് തടമാകാന് ലോകത്തിലെ ഒന്നിനും സാധിക്കില്ലെന്ന വലിയ പാഠം.’
[fb_pe url=”https://www.facebook.com/theManjuWarrier/photos/a.140474119493591.1073741830.110402842500719/491761364364863/?type=3&theater” bottom=”30″]
Discussion about this post