കണ്ണൂർ : മൂവ്മെന്റ് രജിസ്റ്റർ പാലിക്കാത്ത പഞ്ചായത്ത് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി കണ്ണൂർ ബിജെപി ജില്ലാ കമ്മിറ്റി അംഗം. വളപട്ടണം ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ മൂവ്മെന്റ് രജിസ്റ്റർ പാലിക്കാതെ ഓഫീസ് ആവശ്യത്തിന് എന്ന പേരിൽ പുറത്തിറങ്ങി തിരിച്ചുവരാതിരുന്ന സംഭവത്തെ തുടർന്നാണ് എൽഎസ്ജിഡി ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകിയിട്ടുള്ളത്. ബിജെപി ജില്ലാ കമ്മിറ്റിയംഗം പി വി അരുണാക്ഷൻ ആണ് പരാതി നൽകിയിട്ടുള്ളത്.
വളപട്ടണം പഞ്ചായത്തിലെ ഒരു ഉദ്യോഗസ്ഥനെതിരെ നിരന്തരമായി ഇക്കാര്യത്തിൽ പരാതി ഉയരുന്നുണ്ട്. മൂവ്മെന്റ് രജിസ്റ്റർ പാലിക്കാതെ ഈ ഉദ്യോഗസ്ഥൻ പുറത്തു പോകുന്നതായി വിവരാവകാശ രേഖപ്രകാരം ലഭിച്ച മറുപടിയിൽ വ്യക്തമാക്കുന്നുണ്ട് എന്ന് പരാതികൾ സൂചിപ്പിക്കുന്നു. ഔദ്യോഗിക ആവശ്യത്തിനായി പുറത്തിറങ്ങുന്ന ഉദ്യോഗസ്ഥർ ആ കാര്യം മൂവ്മെന്റ് രജിസ്റ്റർ രേഖപ്പെടുത്തേണ്ടതുണ്ട്. പുറത്തിറങ്ങുന്ന സമയം, ആവശ്യം, തിരിച്ചെത്തുന്ന ഏകദേശ സമയം എന്നിവയും ഈ രജിസ്റ്ററിൽ രേഖപ്പെടുത്തണം.
വളപട്ടണം ഗ്രാമപഞ്ചായത്തിൽ ഡ്യൂട്ടി സമയത്ത് ഉദ്യോഗസ്ഥർ സ്വകാര്യ ആവശ്യങ്ങൾക്ക് പുറത്തുപോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പി വി അരുണാക്ഷൻ എൽഎസ്ജിഡി ഡെപ്യൂട്ടി ഡയറക്ടറെ സമീപിച്ചിട്ടുള്ളത്. സംസ്ഥാന ഭരണകക്ഷിയുടെ യൂണിയൻ മെമ്പറാണ് ഇത്തരത്തിൽ മൂവ്മെന്റ് രജിസ്റ്റർ പാലിക്കാതെ പുറത്തു പോകുന്നതെന്ന് പരാതിയിൽ സൂചിപ്പിക്കുന്നു. അഴീക്കോട് പഞ്ചായത്ത് ഓഫീസിൽ നിന്നും സ്ഥലംമാറ്റം കിട്ടിയ ശേഷം കഴിഞ്ഞ വർഷമാണ് ഈ എൽ ഡി ക്ലാർക്ക് വളപട്ടണം ഗ്രാമപഞ്ചായത്തിൽ എത്തുന്നത്. ഉദ്യോഗസ്ഥർ ഓഫീസിൽ ഇല്ലാതിരിക്കുന്നത് വഴി പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ ആണ് ഉണ്ടാകുന്നത് എന്നും ബിജെപി നൽകിയിട്ടുള്ള പരാതിയിൽ സൂചിപ്പിക്കുന്നു. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിച്ച് പൊതുജനങ്ങൾക്ക് കൃത്യസമയത്ത് സേവനം ലഭ്യമാക്കണമെന്നും പി വി അരുണാക്ഷൻ ആവശ്യപ്പെട്ടു.
Discussion about this post